KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കരാര്‍ ഒപ്പിട്ടു

വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി ജി എഫ്) കരാര്‍ ഒപ്പിട്ടു. രണ്ടു കരാറുകളാണ് ഒപ്പിട്ടത്. സംസ്ഥാനത്തിന്റെ ഗ്രാന്റ് എന്ന ആവശ്യം തള്ളി വായ്പയായിട്ടാണ് 817.8 കോടി രൂപ കേന്ദ്രം അനുവദിച്ചത്. തുറമുഖത്തിന്റെ അടുത്തഘട്ട പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടാകരുത് എന്നതുകൊണ്ടാണ് വായ്പയായി തുക സ്വീകരിക്കാന്‍ സംസ്ഥാനം തീരുമാനിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

വി ജി എഫുമായി ബന്ധപ്പെട്ട് ഒപ്പിട്ട രണ്ട് കരാറുകളില്‍ കേന്ദ്രം, പണം സ്വീകരിച്ച അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ബാങ്ക് കണ്‍സോര്‍ഷ്യം എന്നിവയുടെ പ്രതിനിധികളാണ് ത്രികക്ഷി കരാര്‍ ഒപ്പിട്ടത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറില്‍ തുറമുഖ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഒപ്പിട്ടു. വി ജി എഫ് ഗ്രാന്റ് ആയിട്ടാണ് ഇതുവരെ എല്ലാ പദ്ധതികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുള്ളത്.

 

നിലവില്‍ സംസ്ഥാനത്തിന് പക്ഷേ വായ്പയായിട്ടാണ് അനുവദിച്ചത്. ഇതില്‍ ഉള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകരുത് എന്നതുകൊണ്ടാണ് വി ജി എഫ് സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറായതെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. 2028ല്‍ റോഡ്, റെയില്‍ കണക്ടിവിറ്റി പൂര്‍ണതോതില്‍ പൂര്‍ത്തിയാകും. അപ്പോഴാകും തുറമുഖം അതിന്റെ ലക്ഷ്യം കൈവരിക്കുക എന്നും മന്ത്രി പറഞ്ഞു. വി ജി എഫ് നടപടികള്‍ കൂടി പൂര്‍ത്തിയായതോടെ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി.

Advertisements
Share news