KOYILANDY DIARY.COM

The Perfect News Portal

കാർഷിക സംഘങ്ങൾക്ക് പുനരുദ്ധാരണ
പാക്കേജ് നടപ്പാക്കാമെന്ന് നബാർഡ് ചെയർമാൻ

തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് കേരള ബാങ്ക് വഴി പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ സന്നദ്ധമാണെന്ന് നബാർഡ് ചെയർമാൻ കെ വി ഷാജി. മുംബൈയിലെ നബാർഡ് ആസ്ഥാനത്ത് നബാർഡ് ചെയർമാൻ കെ വി ഷാജിയുമായി സഹകരണ മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലുള്ള നിവേദന സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് അനുകൂല നിലപാട് ഉണ്ടായത്.

കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗം ബി പി പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്. നിക്ഷേപത്തിലും വായ്പയിലും കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നതായി ചെയർമാൻ വ്യക്തമാക്കി.

 

കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടുവരുന്നതിലും നബാർഡ് റേറ്റിങ് ബിയിലേക്ക് ഉയർന്നതിലും അഭിനന്ദിച്ചു. ഓഹരി പങ്കാളിത്തം, സാമ്പത്തിക ആവശ്യമനുസരിച്ച് വായ്പ, റിക്കവറിക്ക്‌ അനുസരിച്ച് വായ്പ എന്നീ ഇനങ്ങളിലാണ് സഹായം അനുവദിക്കുക. ഉൽപ്പാദന മേഖലകളിൽ മാത്രം വായ്പ നൽകുക എന്നത് പാലിക്കേണ്ടതാണെന്നും സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ, ഭക്ഷ്യ സംസ്‌കരണ മേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വായ്പ നൽകണമെന്നും ചെയർമാൻ നിർദേശിച്ചു. ഏപ്രിൽ 21 മുതൽ തിരുവനന്തപുരത്ത് നടത്തുന്ന സഹകരണ എക്സ്പോയിൽ പങ്കെടുക്കുന്നതിനുള്ള സന്നദ്ധതയും ചെയർമാൻ അറിയിച്ചു.

Advertisements

 

Share news