പത്തനംതിട്ടയില്‍ 14കാരനെ മര്‍ദിച്ച സംഭവം; പിതാവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട കൂടലില്‍ 14കാരനെ മര്‍ദിച്ച സംഭവത്തിൽ പിതാവിനെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ് ഐ ആറിലുള്ളത്. കുട്ടിയുടെ മര്‍മഭാഗത്തും തുടയിലും വയറിലും ഇയാൾ അടിച്ചിട്ടുണ്ട്. പ്രതി മുമ്പ് ഭാര്യയെയും സഹോദരനെയും മര്‍ദിച്ചെന്നും എഫ് ഐ ആറിലുണ്ട്.

ഭാരതീയ ന്യായ സംഹിത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിതാവ് ബെല്‍റ്റ് കൊണ്ട് അടിച്ചെന്ന് കുട്ടി മൊഴി നൽകിയിരുന്നു. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതിയും ലഭിച്ചിരുന്നു. ബെല്‍റ്റുകൊണ്ടും വലിയ വടികള്‍ ഉപയോഗിച്ചും കുട്ടിയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കൂടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലി നുരുപ്പ ഭാഗത്തെ വീട്ടിലാണ് സംഭവം. പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാത്രിയില്‍ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തുറന്നിട്ട വാതിലില്‍ കൂടി വെളിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. മര്‍ദനം പതിവായതോടെ സ്ഥലത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പരാതി നല്‍കിയത്. സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി കൈമാറിയത്.

