KOYILANDY DIARY.COM

The Perfect News Portal

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികൾക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികൾക്ക് ടെക്‌നിക്കൽ കമ്മിറ്റിയുടെ നിർദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നൽകി വരുന്നു.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഹീമോഫീലിയ രോഗികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ഹീമോഫീലിയ രോഗത്തിനുള്ള മരുന്ന് പ്രതിസന്ധി കഴിഞ്ഞ ഒരു വർഷമായി ആഗോള തലത്തിലുള്ളതിനാൽ വിവിധ കമ്പനികളെ ആശ്രയിച്ച് വേണ്ട ഇടപെടലുകൾ നടത്തി വന്നിരുന്നു. എന്നാൽ ഈ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മരുന്ന് സംഭരണത്തിനും വികേന്ദ്രീകരണത്തിനും മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

 

നിലവിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 324 പേർക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നൽകിയത്. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കി വരുന്നത്. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഈ പദ്ധതിയിലൂടെയാണ് ഹീമോഫിലിയ പോലെയുള്ള അപൂർവ രോഗം ബാധിച്ചവരെ പ്രത്യേകമായി ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ എക്കാലവും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisements

 

 

Share news