കൊല്ലത്ത് ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; 35കാരൻ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെതിരെയായിരുന്നു അതിക്രമം. സംഭവത്തിൽ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻ വീട്ടിൽ മണിക്കുട്ടൻ ആണ് പിടിയിലായത്.

ഈ മാസം ഇരുപതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പ്രതി വീടിൻ്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പിന്നാലെ ഓടി രക്ഷപ്പെട്ട് തിരികെ വീട്ടിലെത്തിയ കുട്ടി സംഭവ വിവരം മാതാപിതാക്കളോട് പറയുകയും പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

