KOYILANDY DIARY.COM

The Perfect News Portal

18 കോടിയുടെ ഹെറോയിൻ കടത്ത്‌; നൈജീരിയക്കാരിയടക്കം 2 പേർക്ക്‌10 വർഷം കഠിനതടവ്‌

കൊച്ചി: കൊച്ചി വിമാനത്താവളംവഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ നൈജീരിയക്കാരിയടക്കം രണ്ടുപേർക്ക്‌ 10 വർഷം കഠിനതടവ്‌. നൈജീരിയക്കാരി ഉക്കാമാക്ക ഇമ്മാനുവേൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശി മുരളീധരൻനായർ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി എസ് ആർ ശ്യാംലാൽ ശിക്ഷിച്ചത്. മുരളീധരൻനായർക്ക്‌ 40 വർഷം കഠിനതടവും നാല്‌ ലക്ഷം രൂപ പിഴയും നൈജീരിയക്കാരിക്ക്‌ 16 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. എന്നാൽ ഇരുവരും ഒരേ കാലയളവിൽ 10 വർഷം തടവ്‌ അനുഭവിച്ചാൽ മതി.

2022 ആഗസ്‌ത്‌ 21ന് സിംബാബ്‌വെയിലെ ഹരാരെയിൽനിന്ന്‌ ദോഹ വഴി കൊച്ചി വിമാനത്താവളത്തിൽ എത്തിയ മുരളീധരന്റെ ബാഗേജിൽനിന്നാണ്‌ 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്. ഡൽഹിയിലേക്ക്‌ പോകുന്നതിനായി ഒരുങ്ങുന്നതിനിടെ ബാഗേജ് പരിശോധിച്ചപ്പോഴാണ്‌ ഹെറോയിൻ കണ്ടെത്തിയത്‌. ചോദ്യം ചെയ്‌തപ്പോൾ ഡൽഹി വിമാനത്താവളത്തിൽ ഇത്‌  ഏറ്റുവാങ്ങാനെത്തുന്ന നൈജീരിയക്കാരിയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന്‌ ഇവരെയും അറസ്റ്റ് ചെയ്തു.

 

2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ നൈജീരിയക്കാരിയെ കുടുക്കിയത് വാട്സാപ് സന്ദേശത്തിലൂടെയാണ്‌. മുരളീധരൻനായരുടെ ഫോണിൽനിന്ന് കസ്റ്റംസ് ഇവർക്ക് വാട്സാപ് സന്ദേശം അയച്ചു. ഡൽഹിയിലെത്തിയെന്നും ഹോട്ടലിലുണ്ടെന്നുമായിരുന്നു സന്ദേശം. സന്ദേശം കണ്ട് മയക്കുമരുന്ന് ഏറ്റുവാങ്ങാൻ ഹോട്ടലിലെത്തിയെ ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ശ്രീലാൽ വാര്യർ ഹാജരായി.

Advertisements

 

Share news