ആരുടെയും മുന്നിൽ ഭവ്യത കാണിച്ച് നേടേണ്ടതല്ല പ്രശ്നപരിഹാരം; അത് ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരുടെയും മുന്നിൽ ഭവ്യത കാണിച്ച് നേടേണ്ടതല്ല പ്രശ്നപരിഹാരമെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയണം. പ്രശ്നം പരിഹരിക്കുന്നതിൽ വേഗക്കുറവെന്ന പരാതിയുണ്ടാക്കാതെ കാര്യങ്ങൾ തീർപ്പാക്കണമെന്നും കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് തിരുവനന്തപുരം വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ട്. അത് നാട് ആഗ്രഹിക്കുന്നില്ല. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കും. നടപ്പാക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങൾ അറിഞ്ഞാൽ സർക്കാരിന് ഗുണകരമായാലോ എന്ന് ചിന്തിക്കുന്നവരുണ്ട്. നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ നിഷേധാത്മക ചിന്ത വളർത്തുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ ജനങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങളിൽ വിധിയെഴുതും.

ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണം. ഫയലുകൾ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കാൻ ശ്രമം നടത്തും. സെക്രട്ടറിയറ്റിലും മറ്റു ഓഫീസുകളിലും ഇതിനായി ഇടപെടലുണ്ടാകും. ജനങ്ങളുടെ ദാസന്മാരായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.

