അധ്യാപകർക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകും; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കനകക്കുന്നിൽ നടക്കുന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദ ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ -അന്തർദേശീയ സമ്മേളനം (ഐസിജിഎഐഎഫ്ഇ 2.0) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിർമിതബുദ്ധി ജീവിതത്തിന്റെ ഭാഗമായ കാലഘട്ടമാണിത്. വിദ്യാർത്ഥികളുടെ അഭിരുചി കൃ-ത്യമായി തിരിച്ചറിയാൻ കഴിയുന്ന അധ്യാപകരായി മാറാനുള്ള സാധ്യതയും നിർമിതബുദ്ധിയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 105 എൻജിനിയറിങ് കോളേജുകളിൽ നിർമിതബുദ്ധി കോഴ്സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും എഐ കോഴ്സുകൾ ആരംഭിച്ചു.

തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിലും തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലും നിർമിതബുദ്ധി അനുബന്ധ മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിച്ചുവെന്ന് മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ, പ്രോഗ്രാം കൺവീനർ വി ജി രാജേഷ്, പ്രൊഫ. കണ്ണൻ എം മൗദ്ഗല്യ, പ്രൊഫ. കെ വി എസ് ഹരി, ആൽഡ്രിൻ ജെൻസൺ എന്നിവർ സംസാരിച്ചു.

