KOYILANDY DIARY.COM

The Perfect News Portal

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി കേരളം

ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി കേരളം. 60.2 ഓവറിൽ ഓൾ റൗണ്ടർ ജലജ് സക്സേനയുടെ മികവിൽ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഒതുക്കി. സക്സേന അഞ്ചുവിക്കറ്റും ബേസില്‍ തമ്പി രണ്ടുവിക്കറ്റും സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഉത്തര്‍പ്രദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു കേരള ബൗളർമാരുടെ പ്രകടനം. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സക്സേന രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ മൂന്നാം വിക്കറ്റ് നേടിയതോടെയാണ് സക്‌സേനക്ക് ആ നേട്ടം സ്വന്തമായത്.

 

17 ഓവറില്‍ 56 റണ്‍സ് വിട്ടുനല്‍കിയാണ് സക്സേന അഞ്ചുവിക്കറ്റ് നേടിയത്. രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റ് നേടുന്ന 13-ാമത്തെ ബോളറാണ് സക്‌സേന. മുമ്പ് കർണാടകക്കെതിരെ നടന്ന മത്സരത്തിൽ രഞ്ജിയിലെ 6000 റണ്‍സെന്ന നേട്ടവും സക്സേന സ്വന്തമാക്കിയിരുന്നു. രണ്ടാംദിവസം കളിയാരംഭിച്ചപ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ യു.പി സ്‌കോര്‍ മറികടന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (40) അക്ഷയ് ചന്ദ്രനുമാണ് (20) ക്രീസിലുള്ളത്. ഉത്തര്‍പ്രദേശിനുവേണ്ടി ആഖ്വിബ് ഖാനും ശിവം ശര്‍മയും രണ്ടുവിക്കറ്റുവീതം വീഴ്ത്തി.

Advertisements
Share news