KOYILANDY DIARY.COM

The Perfect News Portal

വൈദ്യുതി നേരിട്ട്
വിൽക്കാം; പുതിയ സംവിധാനം വരുന്നു

തിരുവനന്തപുരം: വൈദ്യുതി നേരിട്ട് വിൽക്കാൻ പുതിയ സംവിധാനം വരുന്നു. ഗാർഹിക സോളാർ ഉൽപ്പാദകർക്ക് സ്വന്തം ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി മറ്റ് ഉപയോക്താക്കൾക്ക് നേരിട്ട് വിൽക്കാനുള്ള പദ്ധതിയുമായി കെഎസ്ഇബി. റഗുലേറ്ററി കമീഷൻ നിശ്ചയിക്കുന്ന നിരക്കിൽ അതേ ട്രാൻസ്ഫോമറിന് കീഴിലെ ആവശ്യക്കാരന് വിൽക്കാൻ സാധിക്കുന്ന കമ്യൂണിറ്റി ഗ്രിഡ് മാപ്പിങ് സംവിധാനമാണ് നടപ്പാക്കുന്നത്.

തിരുവനന്തപുരം ഡിവിഷനിലെ നാല് സബ് ഡിവിഷനുകളിലായി 15 സെക്‌ഷൻ ഓഫീസുകളുടെ പരിധിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ഇത് വിജയിച്ചാൽ  എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരി​ഗണിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. നിലവിൽ ഒരു മെഗാവാട്ടിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നവരും ഉപയോഗിക്കുന്നവരും തമ്മിൽ ഓപ്പൺ ആക്സസ് സംവിധാനം വഴി വിൽപ്പനയ്ക്ക് അംഗീകാരമുണ്ട്.

 

കെഎസ്ഇബിയുമായി ഇരുവരും കരാർ ഒപ്പുവെച്ചാണ് നിലവിൽ ഈ പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി നൽകാൻ കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ ഉപയോഗിക്കുന്നതിനാൽ പ്രത്യേക ചാർജും നൽകണം. ഇത് ഒഴിവാക്കി എല്ലാവർക്കും സൗരോർജത്തിൽനിന്നുള്ള വൈദ്യുതി നേരിട്ട് വിൽക്കാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്.

Advertisements

 

Share news