KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ കലോത്സവങ്ങളിൽ ഇനി ഗോത്രകലകളും

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയാണ് മാന്വൽ പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലകൾ സ്‌കൂൾ കലോത്സവത്തിൽ മത്സര ഇനമാകുന്നത്. കഴിഞ്ഞ തവണ കൊല്ലത്ത് നടന്ന 62-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.

മംഗലംകളി: സംഗീത നൃത്ത രൂപമാണ് മംഗലംകളി. കല്യാണപ്പന്തലിലാണ് അരങ്ങേറുക. വാദ്യസംഘത്തിൽ തുടിയാണ് ഉപയോഗിക്കുന്നത്. തുളുവിലും മലയാളത്തിലുമുള്ള ഓരോ പാട്ടുകളിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്.
കമ്പളകളി വട്ടക്കളി: പണിയർ ഗോത്രത്തിലെ പുരുഷന്മാർ അവതരിപ്പിക്കുന്ന നൃത്തം. കരു, പറ, ഉടുക്ക് തുടങ്ങിയ താളവാദ്യങ്ങൾ ഉപയോഗിക്കുന്നു. കൈകൾ പരസ്പരം ബന്ധിപ്പിച്ച് വൃത്താകൃതിയിൽനിന്ന് വാദ്യങ്ങളുടെ താളത്തിനൊത്ത് ചുറ്റുന്നു.

 

ഇരുളരുടെ നൃത്തം: നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യം. തുകൽ, മുള മുതലായവകൊണ്ട് നിർമിച്ച വാദ്യങ്ങളുടെ താളത്തിൽ നൃത്തം ചെയ്യുന്നു. തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളിൽ.
പളിയ നൃത്തം: പളിയർ ആദിവാസി ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപം. രോഗശമനം, മഴ തുടങ്ങിയവയ്ക്കായാണ് ഇവർ പളിയ നൃത്തം അവതരിപ്പിക്കുന്നു.
മലപ്പുലയരുടെ ആട്ടം: സ്ത്രീപുരുഷന്മാർ ഇടകലർന്ന് നാലഞ്ചു നിരയായും പിന്നീട് വൃത്താകൃതിയിലും നൃത്തം അവതരിപ്പിക്കും. കമ്പുകൾ കൂട്ടിയടിച്ചുകൊണ്ട് മുന്നോട്ടും പിന്നോട്ടും മൂന്നു ചുവടു വീതം വച്ചും സ്വയം തിരിഞ്ഞും വേഗത്തിൽ നൃത്തം ചെയ്യും.

Advertisements
Share news