KOYILANDY DIARY.COM

The Perfect News Portal

കാണം വിൽക്കാതെ ഓണമുണ്ടവർ

കൊയിലാണ്ടി: കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ ചൊല്ല്. എന്നാൽ ആ ചൊല്ലിന് വിടചൊല്ലി ചേമഞ്ചേരിയിലെ അമ്പത് കുടുംബങ്ങൾ. ചെണ്ടുമല്ലി കൃഷിയിലൂടെയാണ് അവർ ഈ വർഷത്തെ ഓണം ആഘോഷിച്ചത്. അഞ്ച് പേരടങ്ങുന്ന പത്ത് വനിതാഗ്രൂപ്പുകളായാണ് പത്തിടങ്ങളിൽ ഇവർ ചെണ്ടുമല്ലികൃഷി ചെയ്തത്. ഓരോ ഗ്രൂപ്പിനും ആയിരം ചെണ്ടുമല്ലി തൈകളും, ആവശ്യമായ ജൈവവളവുംകൃഷിഭവൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകി.
ഓരോ ഗ്രൂപ്പും ആയിരത്തി മുന്നൂറ്റി അമ്പത് രൂപ ഗുണ ഭോക്തൃ വിഹിതവും. ആദ്യ ഉദ്യമമായതിനാൽ ഗുണഭോക്താക്കളെ ആകർഷിച്ചെടുക്കുക പ്രയാസമായിരുന്നു. കൃഷി ഉദ്യോഗസ്ഥരും, ഗ്രാമ പഞ്ചായത്ത് സാരഥികളും തീവ്രശ്രമം നടത്തിയാണ് പത്ത് ഗ്രൂപ്പുകളെയും ഈ സംരംഭത്തിന് പാകപ്പെടുത്തിയെടുത്തത്. തൊഴിലുറപ്പ് പദ്ധതിയിലാണ് കൃഷിക്ക്  നിലമൊരുക്കൽ നടന്നത്.
കൃഷി ഭവന്റെ നിർദ്ദേശങ്ങളനുസരിച്ച് കൃത്യമായ പരിപാലനത്തിലൂടെയാണ് പൂ കൃഷിയിൽ ഇവർ വിജയഗാഥ രചിച്ചത്. അത്തത്തിന് പത്ത് നാൾ മുമ്പും ഓണത്തിന് ശേഷം ഇതുവരെയും നല്ല വിളവാണ് ലഭിച്ചത്. നവരാത്രി ഉത്സവത്തിന്നുള്ള പൂക്കൾ കൂടി വിറ്റഴിയുന്നതോടെ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം രൂപയുടെ പൂക്കൾ ഇവർ വില്പന നടത്തും. വലിയ കായികാദ്ധ്വാനം ആവശ്യമില്ലെങ്കിലും ദിവസേനയുള്ള പരിപാലനം അത്യാവശ്യമാണ്. 
   
നൂറ് മേനി കൊയ്തതിന്റെ ആത്മവിശ്വാസത്തിൽ അടുത്ത വർഷം കൂടുതൽ സ്ഥലത്ത് കൂടുതൽ വനിതാഗ്രൂപ്പുകളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തും, കൃഷിഭവനും. കൃഷി വിലയിരുത്തൽ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സതി കിഴക്കയിൽ, കൃഷി ഓഫീസർ വിദ്യ ബാബു, വിലയിരുത്തൽ സമിതി കൺവീനർ പി. മധുസൂധനൻ, വാർഡ് കൺവീനർ രാമചന്ദ്രൻ, ഉപദേശനിർദ്ദേശങ്ങൾ നൽകിയ ആസൂത്രണ സമിതി അംഗം അശോകൻ കോട്ട് എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികളായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ അജ്നഫ്, ഗീത മുല്ലോളി, സുധ തടവൻകയ്യിൽ. കൃഷി ഉദ്യോഗസ്ഥന്മാർ, വനിതാ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Share news