KOYILANDY DIARY.COM

The Perfect News Portal

ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ

ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ഡിക്കായി സഞ്ജു 101 പന്തിൽ 106 റൺസെടുത്തു. ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ആദ്യ ഇന്നിങ്‌സിൽ 349 റൺസ് നേടി. 12 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റൺസെടുത്ത സഞ്ജുവിനെ നവ്ദീപ് സൈനി പുറത്താക്കി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ബിക്ക് രണ്ട്‌ വിക്കറ്റ് നഷ്ടമായി.

 

ദുലീപ് ട്രോഫിയിലെ നാല് ടീമിലും ആദ്യം ഇടംപിടിക്കാതിരുന്ന സഞ്ജു ഇഷാൻ കിഷൻ പരുക്കേറ്റ് പിൻമാറിയതോടെയാണ് ഇന്ത്യ ഡി സ്‌ക്വാർഡിലേക്കെത്തിയത്. ഫോമിലല്ലെന്ന വിമർശകർക്കുള്ള മറുപടി കൂടിയാണ് താരത്തിന്റെ ഈ ഇന്നിങ്‌സ്. ദുലീപ് ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ 306-5 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഡിയുടെ പോരാട്ടം 349ൽ അവസാനിച്ചു.

 

13 റൺസെടുത്ത അഭിമന്യു ഈശ്വരനും 16 റൺസെടുത്ത സുയാഷ് പ്രഭുദേശായിയുമാണ് പുറത്തായത്. മറ്റൊരു മത്സരത്തിൽ ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 297 പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ സി 99-4 എന്ന നിലയിലാണ്. ബാബ ഇന്ദ്രജിത്തും (20) അഭിഷേക് പൊറേലു (39) മാണ് ക്രീസിൽ. ക്യാപ്റ്റൻ ഋതുരാജ് ഗെയിക്വാദ് 17 റൺസെടുത്ത് പുറത്തായി.

Advertisements
Share news