KOYILANDY DIARY.COM

The Perfect News Portal

മലയാളം മിഷന്‍ പ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണം; മന്ത്രി സജി ചെറിയാന്‍

മലയാളം മിഷന്റെ മാതൃകാപരമായ ഭാഷാപ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. മലയാള മിഷന്റെ പ്രഥമ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരള സൃഷ്ടിയുടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് പ്രവാസ ലോകത്തിരുന്ന് മലയാളം മിഷനിലൂടെ മലയാള ഭാഷാ തുല്യത നേടിയ കുട്ടികളെന്നു അദ്ദേഹം വിലയിരുത്തി. ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 

മാതൃനാട് ഏതെങ്കിലും ഒരു പ്രതിസന്ധിയെ നേരിട്ടാല്‍ നാം ഒന്നാണ് എന്ന് വയനാട് ദുരന്തത്തില്‍ മലയാളം മിഷനിലൂടെ പ്രവാസി കുട്ടികള്‍ 52 ലക്ഷം രൂപ സ്വരൂപിച്ചുകൊണ്ട് മഹത്തായ സന്ദേശം ലോകത്തിനു നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെപ്പോയാലും മലയാളികള്‍ ഉണ്ടാകുമെന്നും അവിടെയെല്ലാം അവര്‍ നേതൃത്വം കൊടുക്കാത്ത സംരംഭങ്ങളില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടന്ന കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മലയാളം മിഷന്റെ ആദ്യ ചാപ്റ്ററുകളായ ചെന്നൈ, മുംബൈ, ദില്ലി, ഗോവ, പുതുച്ചേരി, ബഹറൈന്‍ തുടങ്ങി 6 ചാപ്റ്ററുകളില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികളാണ് നീലക്കുറിഞ്ഞി ഡിപ്ലോമ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്.

 

 

ചടങ്ങില്‍ ഈ ചാപ്റ്ററുകളില്‍ നിന്നുള്ള നീലക്കുറിഞ്ഞി അധ്യാപകരെയും ആദരിച്ചു. കൂടാതെ വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച മലയാളം മിഷന്‍ ജീവനക്കാരെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കൂടാതെ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ റാസല്‍ഖൈമ ചാപ്റ്ററില്‍ നിന്നുള്ള ഷിഫ്‌ന പി യും മന്ത്രിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

Advertisements

 

മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട അധ്യക്ഷനായിരുന്നു. പ്രമുഖ സിനി ആര്‍ട്ടിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ ആശംസകള്‍ അറിയിച്ചു. മലയാളം മിഷന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്വാലിഹ എം വി സ്വാഗതവും കടലാസ് തോണി -ഗുരുമലയാളം സഹവാസ ക്യാമ്പ് ഡയറക്ടര്‍ സാജു കെ നന്ദിയും പറഞ്ഞു. കൂടാതെ നടന്‍ നോബി മാര്‍ക്കോസ്, സംവിധായകന്‍ ആനന്ദ് മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Share news