KOYILANDY DIARY.COM

The Perfect News Portal

പാപ്പനംകോട് തീപിടുത്തം; കൊലപാതകമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം, നിര്‍ണായക തെളിവുകള്‍ പൊലീസിന്

തിരുവനന്തപുരം പാപ്പനംകോടുണ്ടായ തീപിടുത്തത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണവയെ രണ്ടാം ഭര്‍ത്താവ് ബിനുകുമാര്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ച പുരുഷന്‍ ബിനുകുമാറാണെന്ന സംശയം ബലപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

പാപ്പനംകോടുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ വെന്തുമരിച്ച സംഭവം കൊലപാതകമാണെന്ന സംശയം ഉറപ്പിക്കുകയാണ് പൊലീസ്. കൊല്ലപ്പെട്ട വൈഷ്ണവയെ രണ്ടാം ഭര്‍ത്താവ് ബിനുകുമാര്‍ തീ കൊളുത്തി കൊന്നതാകാമെന്നാണ് നിഗമനം. സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വൈഷ്ണയുടെ ഓഫീസിലേക്ക് ബിനു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാപ്പനംകോട്ടെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസില്‍ തീപിടിത്തമുണ്ടായത്. ഇതില്‍ മരിച്ചവരിലൊരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണവയാണെന്ന് പ്രാഥമികഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, രണ്ടാമത്തെയാള്‍ പുരുഷനെന്ന് കണ്ടെത്തിയെങ്കിലും ആരെന്ന് തിരിച്ചറിയാന്‍ നടത്തിയ അന്വേഷണത്തിലാണ് തീപിടിത്തം ആസൂത്രിതമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്.

Advertisements

ഇന്നലെ രാവിലെ വൈഷ്ണവയുടെ രണ്ടാം ഭര്‍ത്താവ് തിരുവനന്തപുരം നരുവാമൂട് സ്വദേശി ബിനുകുമാര്‍ സ്ഥാപനത്തിലെത്തി ബഹളമുണ്ടാക്കിയെന്ന സംശയമുണ്ടായതോടെയാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതും നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയതും. ഇയാള്‍ ഇന്നലെ രാവിലെ മുതല്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി.

.

തുടര്‍ന്ന് തോള്‍സഞ്ചിയുമായി ഓട്ടോറിക്ഷയില്‍ ഓഫീസിനു സമീപം ബിനു വന്നിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. തോള്‍സഞ്ചിയില്‍ മണ്ണെണ്ണയോ ടര്‍പ്പന്റൈനോ നിറച്ച കുപ്പിയുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇന്ധനം നിറച്ചെന്ന് കരുതുന്ന കുപ്പി സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

.

വൈഷ്ണവ വിവാഹമോചനം ആവശ്യപ്പെട്ടത് വൈരാഗ്യമുണ്ടാക്കിയെന്നും, ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. പുരുഷന്റെ മൃതദേഹത്തില്‍ നിന്ന് ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷം ഔദ്യോഗികമായി ബിനുകുമാര്‍ ആണെന്ന് ഉറപ്പിക്കാമെന്നാണ് പൊലീസ് പറയുന്നത്.

Share news