വിലക്കുറവിൽ കാൻസർ മരുന്ന്; കൗണ്ടർ ഉദ്‌ഘാടനം ചെയ്‌തു

കോഴിക്കോട്: വിലക്കുറവിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന ‘സീറോ പ്രോഫിറ്റ് ഹൈ വാല്യൂ ആന്റി ക്യാൻസർ മെഡിസിൻ’ കൗണ്ടർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് കാരുണ്യ സ്‌പർശം ക്യാൻസർ മെഡിസിൻ കൗണ്ടർ സംസ്ഥാനം വ്യാപകമായി ആരംഭിച്ചത്. 247 വിധം ക്യാൻസർ മരുന്നുകൾ 50 ശതമാനത്തിലധികം വിലക്കുറവോടെ ഇവിടെ ലഭിക്കും.

മെഡിക്കൽ കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കാരുണ്യ കമ്യൂണിറ്റി സെന്ററിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ. ജില്ലാ തല ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പ് നിർവഹിച്ചു. ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ, പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ, എൻഎച്ച്‌എം ഡിപിഎം ഡോ. സി കെ ഷാജി, സൂപ്രണ്ടുമാരായ ഡോ. എം പി ശ്രീജയൻ, ഡോ. അരുൺ പ്രീത്, ഡോ. കെ സുനിൽ കുമാർ, ഡോ. കെ പി സൂരജ്, കൗൺസിലർ കെ മോഹനൻ എന്നിവർ സംസാരിച്ചു. കൗണ്ടറുകൾ സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. വെയർഹൗസ് മാനേജർ ടി സതീശൻ സ്വാഗതവും കെ ദീപ നന്ദിയും പറഞ്ഞു.
