KOYILANDY DIARY.COM

The Perfect News Portal

വയനാടിനായി 46 ലക്ഷം കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ചത്‌ 20.05 കോടി രൂപ

തിരുവനന്തപുരം: വയനാടിനായി 46 ലക്ഷം കുടുംബശ്രീ അംഗങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ സമാഹരിച്ചത്‌ 20.05 കോടി രൂപ (20,05,00,682). സംസ്ഥാനമൊട്ടാകെയുള്ള അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ കഴിഞ്ഞ 10,11 തീയതികളിലാണ്‌ തുക സമാഹരിച്ചത്‌. അയൽക്കൂട്ട അംഗങ്ങളെല്ലാവരും ഒരേ മനസ്സോടെ വയനാടിനായി ഇറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ചത്‌ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക. തദ്ദേശമന്ത്രി എം ബി രാജേഷ് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‌ ചെക്ക് കൈമാറി.

 

 

കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതോടെ ആദ്യഘട്ട സമാഹരണം പൂർത്തിയായി. സംസ്ഥാനത്ത് അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊർജിതമാണ്. ഈ തുകയും വൈകാതെ  കൈമാറും.

 

ധനസമാഹരണത്തിനായി “ഞങ്ങളുമുണ്ട് കൂടെ’ കുടുംബശ്രീ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അയൽക്കൂട്ട അംഗങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നത്. 2018ൽ പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.18 കോടി നൽകിയിരുന്നു.
തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, എ ഗീത, ജാഫർ മാലിക്, കെ എസ് ബിന്ദു, നാഫി മുഹമ്മദ്, സി സി നിഷാദ്, അബ്ദുൾ മനാഫ്, ജി ചൈതന്യ എന്നിവരും പങ്കെടുത്തു.

Advertisements
Share news