പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം: ഭൈരവ നാളെ തിയേറ്ററുകളില്‍
കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സമരത്തിന് താല്‍ക്കാലിക പരിഹാരം പ്രഖ്യാപിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്. തമിഴ് ചിത്രമായ ഭൈരവ നാളെ കേരളത്തിലെ ഇരുന്നൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള എത്ര തിയേറ്ററുകളില്‍ നാളെ റിലീസുണ്ടാകുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും ചിത്രം റിലീസ് ചെയ്യുമെന്ന് വിതരണക്കാരുടെ സംഘടനാ നേതാവ് സിയാദ് കോക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം നാളെ റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രം കാംബോജി തിയറ്ററുകളുടെ ലഭ്യതക്കുറവിനെ തുടര്‍ന്ന് മാറ്റിവെച്ചു. നിലവിലുള്ള തിയേറ്റര്‍ വിഹിതത്തില്‍ തന്നെയായിരിക്കും നാളെ മുതല്‍ ഭൈരവ റിലീസ് ചെയ്യുക. നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനവും തിയേറ്ററുകള്‍ക്ക് 40 ശതമാനവും വിഹിതത്തിലാണ് ഭൈരവ റിലീസ് ചെയ്യുന്നതെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
മലയാള സിനിമകള്‍ക്ക് 60 ശതമാനം വിഹിതം ആവശ്യപ്പെടുന്ന തിയേറ്ററുകള്‍ ഭൈരവയുടെ അണിയറ പ്രവര്‍ത്തകരെ സമീപിക്കുകയും തിയേറ്റര്‍ വിഹിതം നിലവിലെ പോലെ തന്നെ തുടരാന്‍ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തെന്നും ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സിയാദ് കോക്കര്‍ പറഞ്ഞു. മലയാള സിനിമയെ തകര്‍ക്കാനാണ് ഫിലിം എക്സിബിറ്റേഴ്സിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ റിലീസ് മുടങ്ങിയിരിക്കുന്നതും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതുമായ സിനിമകളുടെ നിര്‍മാതാക്കളും വിതരണക്കാരും യോഗത്തില്‍ പങ്കെടുത്തു.