KOYILANDY DIARY

The Perfect News Portal

കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ച അച്ചടക്കനടപടി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് കോടിയേരി

തിരുവനന്തപുരം: പറയാനുള്ളതെല്ലാം വി.എസ് അച്യുതാനന്ദന് ഇനി മുതല്‍ സംസ്ഥാന കമ്മിറ്റിയില്‍ പറയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുറത്ത് അഭിപ്രായം പറയാന്‍ സെക്രട്ടറിയായ തനിക്കുപോലും കഴിയില്ല. കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ച അച്ചടക്കനടപടി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. വി.എസുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചതായും സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായി ഇടഞ്ഞ ഐഎഎസുകാര്‍ക്കെതിരെ നോട്ടീസിറക്കിയ സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയുടെ വിമര്‍ശനങ്ങള്‍ കോടിയേരി തള്ളി.

ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വിമര്‍ശിച്ചെന്ന വാര്‍ത്ത അതിശയോക്തിപരമാണ്. ഐഎഎസുകാരുമായി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കും.അതേസമയം വിജിലന്‍സ് ഡയറക്ടര്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന ആക്ഷേപമില്ലെന്നും ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടിയേരി വ്യക്തമാക്കി. റേഷന്‍ വിഹിതം കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച ശേഷം മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *