KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം നഗരത്തിലെ മാലിന്യ നിക്ഷേപം; പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി നഗരസഭ

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി തിരുവനന്തപുരം നഗരസഭ. വിവിധ പ്രദേശങ്ങളില്‍ ഇന്നലെ നടന്ന നൈറ്റ് സ്ക്വാഡില്‍ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 9,090 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കി. ഇന്നലെ നടത്തിയ ഡേ സ്ക്വാഡില്‍ ഉള്ളൂര്‍, മെഡിക്കല്‍ കോളേജ്, കണ്ണമ്മൂല, വഞ്ചിയൂര്‍, പേട്ട, ശംഖുമുഖം, ചാക്ക, പാളയം എന്നിവിടങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുകയും അപാകതകള്‍ കണ്ടെത്തിയതിന് ആകെ 32,050 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കുകയും ചെയ്തു.

 

മേയര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ശംഖുമുഖം ഓള്‍ഡ് കോഫി ഹൗസില്‍ നിന്നുള്ള മലിനജലം പൊതു ഇടത്തേക്ക് ഒഴുക്കിവിടുന്നതായി കാണുകയുണ്ടായി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 10,010 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കി. ഉള്ളൂര്‍ വാര്‍ഡില്‍ പൊതുനിരത്തിലേക്ക് മാലിന്യം ഒഴുക്കിവിട്ട തട്ടുകടയ്ക്ക് 5,010 രൂപ പിഴ ഈടാക്കി നോട്ടീസ് നല്‍കി.

 

അനധികൃതമായി മാലിന്യം ശേഖരിക്കുന്നതും പൊതുനിരത്തുകളിലും തോടുകളിലും നിക്ഷേപിക്കുന്നതും മുഴുവന്‍ സമയ ഹെല്‍ത്ത് സ്ക്വാഡിനെ നിയമിച്ച് തടയുമെന്നും ഇത്തരക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വാഹന രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.

Advertisements
Share news