KOYILANDY DIARY.COM

The Perfect News Portal

80 ദുരിതാശ്വാസ ക്യാമ്പിലായി 4481 പേർ

കോഴിക്കോട്‌: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കിലെ 80 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 4481 പേർ. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് 10 ക്യാമ്പ്‌ ഒഴിവാക്കി. താമരശേരി താലൂക്കിലെ 14 ക്യാമ്പിൽ 744 പേരും കൊയിലാണ്ടി താലൂക്കിലെ 13 ക്യാമ്പിലായി 731 പേരും വടകരയിലെ 10 ക്യാമ്പിൽ 1288 പേരും കോഴിക്കോട് താലൂക്കിലെ 43 ക്യാമ്പിൽ 1718 പേരുമാണ് കഴിയുന്നത്.
ശക്തമായ മഴയെ തുടർന്ന് താമരശേരി താലൂക്കിൽ അഞ്ച്‌ വീട്‌ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു. രയരോത്ത് വില്ലേജിലെ കുന്നുമ്മൽ രാധയുടെ വീടാണ് പൂർണമായി തകർന്നത്. കൊടുവള്ളി വലിയപറമ്പ് കിഴക്കോത്ത് വില്ലേജിലെ പൊന്നുംതോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയുടെ താഴ്ന്നഭാഗത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചു.
കക്കാട് വില്ലേജ്, കാരശേരി പഞ്ചായത്ത്‌ പറ്റാർച്ചോല, വലിയകുന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുന്നിൻചെരിവിലും താഴെയുമുള്ള 16 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കും നാല്  കുടുംബങ്ങളെ ആനയാകുന്ന് ഗവ. എൽപി സ്കൂളിലേക്കും മാറ്റി.

 

Share news