KOYILANDY DIARY.COM

The Perfect News Portal

മാനന്തവാടി ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 95 ശതമാനം സ്‌കോറോടെയാണ് ആശുപത്രി മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്. നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മുസ്‌കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉൾപ്പെടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്എൻസിയു, എൻബിഎസ്യു, പ്രസവാനന്തര വാർഡ്, പീഡിയാട്രിക് ഒപിഡി, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

 

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സിൽ (എൻക്യുഎഎസ്) ഏറ്റവും ഉയർന്ന സ്‌കോർ നേടിയ (99) മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 175 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരവും 76 ആശുപത്രികൾക്ക് പുനഃഅംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

Advertisements
Share news