ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് തീരുമാനമെന്ന് ബിസിസിഐ പറഞ്ഞതായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിന്‍റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യപെട്ടിരിക്കുന്നത്.

ഇന്ത്യയുടെ മത്സരങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസങ്ങളിൽ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഇപ്പോൾ ബിസിസിഐ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയിലാണ് പാകിസ്ഥാനിൽ വെച്ച് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നത്.

ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയിരുന്നു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് മത്സരം നടക്കുന്നത്. ഇതിനെ തുടർന്ന് പാക് ബോര്‍ഡ് നല്‍കിയ മത്സരക്രമം അനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്. ഇതിനെയാണ് ഇപ്പോൾ ബിസിസിഐ തള്ളിയിരിക്കുന്നത്.

