KOYILANDY DIARY.COM

The Perfect News Portal

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ മൂന്നംഗ സമിതി രൂപീകരിച്ചു; മന്ത്രി പി രാജീവ്‌

തിരുവനന്തപുരം:  സംസ്ഥാനത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ മൂന്നംഗ സമിതി രൂപീകരിച്ചതായി മന്ത്രി പി രാജീവ്‌.  നിക്ഷേപ സാധ്യതകൾ ആരായാനും സംരംഭകരെ കണ്ടെത്താനും ആവശ്യമായ സേവനങ്ങൾ നൽകാനുമുള്ള നടപടികൾ സമിതി ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ബ്രി‍ട്ടീഷ് കമ്പനിയായ ലിങ്ക് ഗ്രൂപ്പ് കാസർഗോഡ് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷൻസ് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട ചെന്നീർക്കരയിലെ അക്കായ് നാച്വറൽ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഡെന്മാർക്ക് ആസ്ഥാനമായ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.  ജർമൻ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി തിരുവനന്തപുരം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ ധനകാര്യബാങ്കുകൾ മുഖേന വ്യാവസായിക മേഖലയ്ക്ക് നൽകുന്ന വായ്പകളിൽ കഴിഞ്ഞ മൂന്ന് വർഷമായി വർധനവുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണ, വിപൂലീകരണ പദ്ധതികൾക്കായി നടപ്പ് സാമ്പത്തിക വർഷം 279.10 കോടി രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തി.

 

പൊതുമേഖലാസ്ഥാപനങ്ങളിലെ 40.41 ഏക്കർ അധിക ഭൂമി കണ്ടെത്തി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. സെപ്‌തംബറിൽ എല്ലാ പഞ്ചായത്തുകളിലും സംരംഭകത്വ സഭകൾ സംഘടിപ്പിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. പഞ്ചായത്തിലെ എല്ലാ സംരംഭകരെയും ഉൾപ്പെടുത്തിയാകും ഗ്രാമസഭയ്‌ക്ക്‌ സമാനമായ സഭ സംഘടിപ്പിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെയും വ്യവസായ വകുപ്പിന്റെയും നേതൃത്വത്തിലാകും ഇതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Advertisements

 

പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾ നിലനിർത്താൻ എംഎസ്‌എംഇ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്‌. സാമ്പത്തിക, സാങ്കേതിക, ജിഎസ്‌ടി റിട്ടേൺ സഹായങ്ങൾ ഈ ക്ലിനിക്കുകൾ മുഖേന സംരംഭകർക്ക്‌ നൽകും. രാജ്യന്താരതലത്തിൽ 30 ശതമാനമാണ്‌ സ്‌റ്റാർട്ടപ്പുകളുടെ കൊഴിഞ്ഞുപോക്ക്‌ നിരക്ക്‌. സംസ്ഥാനത്ത്‌ ഇത്‌ 15 ശതമാനമാണ്‌. സ്റ്റാർട്ടപ്പുകൾ പൂട്ടിപ്പോകുന്നതിനെക്കുറിച്ച്‌ പഠിക്കാൻ സർവേ നടത്തിയിരുന്നു. അതനുസരിച്ച്‌ പരിഹാര നടപടികൾ സർക്കാർ ആരംഭിച്ചു. കഴിഞ്ഞവർഷം പൂട്ടിപ്പോയ 1600 സംരംഭങ്ങൾ പുനഃരുജ്ജീവിപ്പിച്ചു.

 

ഐടി ഇതര സ്റ്റാർട്ടപ്പുകൾക്ക്‌ സഹായം നൽകുന്നതിന്‌ ഉത്തരവ്‌ നൽകിയിട്ടുണ്ട്‌. സ്റ്റാർട്ടപ്പ്‌ രംഗത്തേക്ക്‌ കുടുംബശ്രീ വന്നാൽ സഹായം ഉറപ്പാക്കും. കൊച്ചിയിൽ നടക്കുന്ന ജെൻ എഐ ഉച്ചകോടി നൂതന സംരംഭകർക്ക്‌ സഹായകരമാകും. ഇത്തരത്തിൽ രാജ്യത്ത്‌ സംഘടിപ്പിക്കുന്ന ആദ്യ ഉച്ചകോടിയാണിത്‌. 1.7 മില്യൺ ഡോളറാണ്‌ സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ്‌ മൂല്യം. 251 ശതമാനം വളർച്ചയാണ്‌ ഈ മേഖലയിൽ കൈവരിച്ചത്‌. കേരളത്തിൽ ഒരു സംരംഭം പൂട്ടിയാൽ ലോകമെങ്ങും അറിയും. നൂതന സംരംഭങ്ങൾ ആരും അറിയുന്നില്ല. സമീപകാലത്ത്‌ ഇക്കാര്യത്തിൽ മാധ്യമങ്ങൾ ഗുണകരമായ നിലപാട്‌ സ്വീകരിക്കുന്നത്‌ സന്തോഷകരമാണ്‌.

കേന്ദ്രത്തിന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ 5,522 സ്റ്റാർട്ടപ്പുകൾ നിലവിലുണ്ട്‌. ലഭ്യമായ നിക്ഷേപം 5,500 കോടി രൂപയാണ്‌. ഇതുവഴി 55,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്റ്റാർട്ടപ്പ്‌ റാങ്കിങ്ങിൽ തുടർച്ചയായ മൂന്ന്‌ വർഷം ഒന്നാംസ്ഥാനത്തെത്താൻ സംസ്ഥാനത്തിനായി. 2022ൽ മികച്ച പ്രകടനത്തിന്‌ കേരളം തെരഞ്ഞെടുക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.

പുതിയ വാണിജ്യനയം 
രൂപീകരിക്കും
ചെറുകിട വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനായി പുതിയ വാണിജ്യനയം രൂപീകരിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌. ഓൺലൈൻ മാർക്കറ്റിങ്‌, മാളുകൾ കേന്ദ്രീകരിച്ചുള്ള വ്യാപാരം തുടങ്ങിയവ ചില്ലറ വ്യാപാര മേഖലയിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കാനാണ്‌ പുതിയ നയം രൂപീകരിക്കുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ചില്ലറ വ്യാപാര മേഖലയെ എംഎസ്‌എംഇകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇതോടെ എംഎസ്‌എംഇകൾക്ക്‌ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചെറുകിട വ്യാപാര  മേഖലയ്‌ക്കും ലഭ്യമാകും. പൊതു –- സ്വകാര്യ പങ്കാളിത്തത്തിൽ സംഭരണശാലകൾ, ഇടെയിൽ സോണുകൾ തുടങ്ങിയവ സ്ഥാപിക്കും. വാണിജ്യമിഷൻ പ്രവർത്തനങ്ങൾ വ്യവസായനയത്തിന്‌ അനുസൃതമായി കാര്യക്ഷമമാക്കാൻ പ്രത്യേക ഡിവിഷൻ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share news