’ഗ്രോ’ ആപ്പിന്റെ വ്യാജൻ; കോഴിക്കോട് സ്വദേശിയുടെ 4.8 കോടി തട്ടിയെടുത്തതായി പരാതി

കോഴിക്കോട്: സമൂഹമാധ്യമത്തിലെ വ്യാജ ആപ്ലിക്കേഷൻ വഴി കോഴിക്കോട് സ്വദേശിയുടെ 4.8 കോടി തട്ടിയെടുത്തതായി പരാതി. വാട്‌സ്‌ആപ് വഴി ബന്ധപ്പെട്ടശേഷം ’ഗ്രോ’ എന്ന ഓഹരി കച്ചവട ആപ്ലിക്കേഷനിലൂടെ വൻതോതിൽ ലാഭം വാഗ്‌ദാനംചെയ്‌താണ് തുക തട്ടിയെടുത്തത്. സംരംഭകന്റെ പരാതിയിൽ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

മെയ് മുതലാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെടാൻ തുടങ്ങിയത്. വാട്‌സ്‌ആപ് വഴി ലഭിച്ച സന്ദേശം പിന്തുടർന്നപ്പോൾ പരാതിക്കാരനെ ലിങ്ക് വഴി ഗ്രൂപ്പിൽ ചേർത്തു. അഡ്മിൻ പാനലിലെ ഒരു നമ്പറിൽനിന്ന് ഒരാൾ ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾക്കായി അയാളുടെ സഹായിയുടെ നമ്പർ നൽകുകയും ചെയ്തു. ഇയാൾ ’ഗ്രോ’ എന്ന ആപ്ലിക്കേഷന്റെ ലോഗോയും അവരുടെ വെബ്സൈറ്റിന് സമാനമായ പേരുള്ള ലിങ്കും അയച്ചുകൊടുത്തു. ഇതുവഴി ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചശേഷം ലോഗിൻ ഐഡിയും പാസ്‌വേഡും അയച്ചുകൊടുത്തു.

തുടർന്ന് വാട്‌സ്‌ആപ് വഴി നൽകുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമിടാൻ ആവശ്യപ്പെട്ടു. പണം നിക്ഷേപിച്ചപ്പോൾ ട്രേഡിങ്ങിലൂടെ ലാഭം കാണിച്ചുകൊടുത്തു. കുറച്ചു തുക പിൻവലിക്കാനും അവസരം നൽകി. തുടർന്ന് വൻതോതിൽ ലാഭം നേടാമെന്ന് പറഞ്ഞ് കൂടുതൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പുതിയ ആപ്ലിക്കേഷൻ ലിങ്കും നൽകി. വലിയ തുകകൾ നിക്ഷേപിച്ചപ്പോൾ വൻലാഭം കാണിച്ചു. എന്നാൽ പണം പിൻവലിക്കാനായില്ല. കൂടുതൽ ലാഭത്തിലായാൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ എന്നാണറിയിച്ചത്. വീണ്ടും നിക്ഷേപം നടത്താനും നിർദേശിച്ചു. നികുതിയായി വലിയ തുക അടയ്‌ക്കാനും ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

