KOYILANDY DIARY.COM

The Perfect News Portal

സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു; കോഴിക്കോട്ട് നഷ്ടമായത് 28.71 കോടി

കോഴിക്കോട്: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കോഴിക്കോട് നഗരത്തില്‍മാത്രം സൈബര്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപ്പെട്ടത് 28.71 കോടി രൂപ. ഇതില്‍ 4.33 കോടി രൂപ മാത്രമാണ് മരവിപ്പിക്കാന്‍ സാധിച്ചത്. നിക്ഷേപങ്ങളിലും ഓണ്‍ലൈന്‍ ട്രേഡിങ്ങിലും നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട കേസുകള്‍ അടുത്തിടെ കൂടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആകെ ഒന്‍പത് കേസുകള്‍ ഉണ്ടായിരുന്നത്, ഈ വര്‍ഷം ആറുമാസംകൊണ്ട് 27 കേസുകളായി. വിവിധതരം സൈബര്‍ തട്ടിപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഈ വര്‍ഷം ആറുമാസംകൊണ്ട് 61 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.
ദിനംപ്രതി സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് കണക്കിലെടുത്ത് ഊര്‍ജിതമായ ബോധവത്കരണ പരിപാടികളുമായി രംഗത്തിറങ്ങാന്‍ സിറ്റി പോലീസ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്നോണം നഗരത്തിലെ എല്ലാ റെസിഡന്റ്സ് അസോസിയേഷനുകള്‍ക്കും പ്രത്യേകം ബോധവത്കരണക്‌ളാസുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ അറിയിച്ചു.
217 വൊളന്റിയര്‍മാര്‍
സൈബര്‍ പോലീസ് അന്വേഷണത്തിനു പുറമെ പോലീസിനെയും നാട്ടുകാരെയും സഹായിക്കാന്‍ സൈബര്‍ വൊളന്റിയര്‍മാരെയും നിയമിക്കും. ഇതിനകം 217 വൊളന്റിയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ നൂറുപേരുടെ പരിശീലനം പൂര്‍ത്തിയായി. നഗരത്തില്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ബോധവത്കരണ സന്ദേശങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Share news