സിനിമ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; പരിസരവാസികൾക്ക് ശ്വാസതടസമുണ്ടായതായി പരാതി

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനായി തയാറാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെത്തുടർന്ന് പരിസരവാസികൾക്ക് ശ്വാസതടസമുണ്ടായതായി പരാതി. വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഏലൂരിൽ തയാറാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. പുക ശ്വസിച്ച് കുട്ടികൾക്കടക്കം ശ്വാസതടസമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി.

പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കൾ കൂട്ടിയിട്ട മാലിന്യക്കൂനകളാണ് കത്തിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഏലൂർ പുത്തലം റോഡിന് സമീപം ഫാക്ടിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ഷൂട്ടിങ് നടന്നത്. ഉയരത്തിലുള്ള മാലിന്യക്കൂനകൾക്കാണ് തീയിട്ടതെന്നും കനത്ത പുക കാരണം ഏറെ ബുദ്ധിമുട്ടിയെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

