കളിയിക്കാവിള കൊലപാതകം; കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കളിയിക്കാവിള കൊലപാതകത്തിൽ കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. കൊല നടത്തിയത് തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ടെന്ന് പ്രതി അമ്പിളി പറഞ്ഞു. ഇത് നൽകിയത് തിരുവനന്തപുരം പൂങ്കുളം സ്വദേശി സുനിൽകുമാറെന്നുമാണ് അമ്പിളിയുടെ മൊഴി. സുനിൽകുമാർ ഒളിവിലെന്ന് പൊലീസ് പറഞ്ഞു.

വാഹനത്തിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തി. പ്രതി അമ്പിളി തമിഴ്നാട്ടിലെ മെഡിക്കൽ സ്റ്റോറിലെത്തിയതിന്റെ ദൃശ്യം പുറത്ത് വന്നു. പടന്താലുംമൂട്ടിലെ മെഡിക്കൽ സ്റ്റോറിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് പുറത്തുവരുന്നത്. പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങൾ അമ്പിളിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലക്കുശേഷം മെഡിക്കൽ സ്റ്റോറിൽ എത്തിയതായാണ് സൂചന.

