KOYILANDY DIARY.COM

The Perfect News Portal

മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ജെ. ആർ. ജ്യോതിലക്ഷ്മി രചിച്ച മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പ്രകാശനം നിർവ്വഹിച്ചു. കുട്ടികൾക്ക് വേണ്ടി എഴുതുക എന്നതാണ് ഏറ്റവും പ്രയാസമേറിയ എഴുത്ത് എന്ന് അദ്ധേഹം പറഞ്ഞു. കുമാരനാശാനും ജി. ശങ്കരക്കുറുപ്പുമാണ് കുട്ടികൾക്കു വേണ്ടി അതീവ ഹൃദ്യമായ കവിതകളെഴുതിയത്. ഭാഷയിൽ നിന്ന് ദൃശ്യങ്ങളിലേയ്ക്കാണ് ഇന്നത്തെ കുട്ടികൾ ആകർഷിക്കപ്പെടുന്നത്. എന്നിട്ടും ടോം ആൻ്റ് ജെറി പോലെ ഭാവനയെ ഉണർത്തുന്ന ഒരു സൃഷ്ടിയും മലയാളത്തിൽ ഉണ്ടാകുന്നില്ല. 
കുട്ടികളുടെ മനസ്സിനെ വളരെ ആഴത്തിൽ മനസ്സിലാക്കിയ കവിയാണ് ഈ പുസ്തകമെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം പുസ്തകം ഏറ്റുവാങ്ങി. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേർസൺ സുധ കിഴക്കേപ്പാട്ട്, എഴുത്തുകാരൻ വി.ആർ. സുധീഷ് എന്നിവർ പ്രകാശന ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. എൻ.ഇ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. 
കരുണൻ പുസ്തകഭവൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കവി രമ ചെപ്പ് സ്വാഗതമാശംസിച്ചു. കവികളായ മോഹനൻ നടുവത്തൂർ, ഷൈനി കൃഷ്ണ, പ്രഭ. എൻ.കെ, ചിത്രകാരൻ സായ് പ്രസാദ് എന്നിവർ ആശംസകളർപ്പിച്ചു. ജെ.ആർ. ജ്യോതിലക്ഷ്മി മറുപടിപ്രസംഗം നടത്തി. അഡ്വ. ബിനോയ്. എം.ബി. നന്ദി പ്രകാശിപ്പിച്ചു. സായ് പ്രസാദ് വരച്ച ചിത്രങ്ങൾ ‘മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ’ എന്ന പുസ്തകത്തിന് മിഴിവേകുന്നു. ഇൻസൈറ്റ് പബ്ലിക്കേഷൻസാണ് പ്രസാധകർ.
Share news