സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സ്വാധീനിക്കാൻ ശ്രമം; ഷാജൻ സ്‌കറിയക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിൽ

സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സ്വാധീനിക്കാൻ ശ്രമം. ഷാജൻ സ്‌കറിയക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. പി.വി ശ്രീനിജൻ എം.എല്‍.എ. നല്‍കിയ പരാതിയില്‍ എസ്.സി./എസ്.ടി. ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസില്‍ മുൻകൂർ ജാമ്യം തേടിയാണ് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

എന്നാൽ മുൻകൂർ ജാമ്യം തേടിയുള്ള ഷാജൻ സ്കറിയയുടെ ഹർജി സുപ്രീം കോടതി വിധിപറയാനായി മാറ്റി. ഈ കേസില്‍ സുപ്രീംകോടതി ഷാജൻ സ്കറിയയുടെ അറസ്റ്റ് നേരത്തെ തടഞ്ഞിരുന്നു. അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ താഴേത്തട്ടിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സ്വാധീനിക്കാനാണ് ഷാജൻ ശ്രമിക്കുന്നത്.

ഇതിനായി ഇക്കിളിപ്പെടുത്തുന്ന വാർത്തകള്‍ നല്‍കുന്നുവെന്ന് സംസ്ഥാന സർക്കാർ പറയുന്നു. സുപ്രീം കോടതി ഇടപെടലിന് ശേഷവും ശ്രീനിജിനെതിരെ മോശം പരാമർശങ്ങള്‍ നടത്തിയെന്നും പി.വി. ദിനേശ് കോടതിയില്‍ വാദിച്ചു. ഇതിലൂടെ ആരോപണ വിധേയന്റെ ക്രമിനല്‍ ലക്ഷ്യം വ്യക്തമാണെന്നും സംസ്ഥാനം കോടതിയില്‍ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശിന് പുറമേ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കറും സുപ്രീം കോടതിയില്‍ ഹാജരായി.
