KOYILANDY DIARY.COM

The Perfect News Portal

മുംബൈ എറണാകുളം തുരന്തോ എക്സ്പ്രസില്‍ പരിഭ്രാന്തി പടര്‍ത്തി ഫയര്‍ അലാറം; ഒഴിവായത് വലിയ ദുരന്തം

മുംബൈ എറണാകുളം തുരന്തോ എക്സ്പ്രസില്‍ പരിഭ്രാന്തി പടര്‍ത്തി ഫയര്‍ അലാറം. ഒഴിവായത് വലിയ ദുരന്തം. മുംബൈയില്‍ നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട തുരന്തോ എക്പ്രസില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം. രത്‌നഗിരിക്കും ഗോവക്കും ഇടയിലെത്തിയപ്പോള്‍ പെട്ടെന്ന് ഉയര്‍ന്നു കേട്ട ഫയര്‍ അലാറം സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കരെ പരിഭ്രാന്തിയിലാക്കി.

അപകട സാധ്യത ഓട്ടോമാറ്റിക്കായി കണ്ടെത്തി ട്രെയിനിലെ യാത്രക്കാര്‍ക്ക് നല്‍കുന്ന അപായ സൂചനയുടെ ഭാഗമായിട്ടായിരുന്നു അലാറം മുഴങ്ങിയത്. ഇതോടെ യാത്രക്കാര്‍ ഭാരിച്ച ലഗേജുകളുമായി പുറത്തിറങ്ങാന്‍ തിരക്ക് കൂട്ടിയത് വലിയ ആശങ്കയാണ് ഉയര്‍ത്തിതെന്ന് യാത്രക്കാരനായ പ്രസാദ് ഷൊര്‍ണൂര്‍ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കാതെ അവസരോചിതമായ സന്ദേശങ്ങള്‍ കൈമാറാന്‍ റെയില്‍വേ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് പ്രസാദ് നിര്‍ദ്ദേശിച്ചത്.

 

വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ട്രെയിന്‍ ടണലില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. സിഗ്‌നല്‍ ഇല്ലാത്തത് കൊണ്ടോ മറ്റോ ടണലില്‍ അല്‍പനേരം നിര്‍ത്തിയിട്ടപ്പോള്‍ സ്വാഭാവികമായി രൂപപ്പെടുന്ന പുക AC മുഖേനയും വാതിലിന്റെ വിടവിലൂടെയും കമ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴായിരുന്നു ഓട്ടോമാറ്റിക് സ്‌മോക് ഡിറ്റക്ഷന്‍ സംവിധാനവും, ബ്രെയ്ക്കും പ്രവര്‍ത്തനക്ഷമമായി വണ്ടി മുന്നോട്ടു നീങ്ങാത്ത അവസ്ഥയില്‍ അലാറം മുഴങ്ങിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Advertisements

 

ഏതാണ്ട് അര മണിക്കൂറിന് ശേഷമാണ് അലാറം ഓഫാക്കി യാത്ര പുനഃസ്ഥാപിച്ചത്. അലാറം കേട്ട പരിഭ്രാന്തിയില്‍ വണ്ടിയില്‍ നിന്നാരും ചാടിയിറങ്ങാന്‍ ശ്രമിക്കാതിരുന്നത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയെന്നും പ്രസാദ് പറഞ്ഞു. ഫയര്‍ അലാറം ഓണ്‍ ആയപ്പോള്‍ തീപ്പിടുത്തമായിരുന്നില്ലെന്ന ശബ്ദ സന്ദേശം കോച്ചുകളില്‍ നല്‍കാന്‍ ഡ്രൈവര്‍ക്കോ ഗാര്‍ഡിനോ കഴിയുന്ന നിലയിലേക്ക് നമ്മുടെ സാങ്കേതിക വിദ്യ വളര്‍ന്നിട്ടില്ലേയെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. മുംബൈയിലെ AC ലോക്കലുകളില്‍ നിലവിലുള്ള ഈ സംവിധാനം ദീര്‍ഘദൂര ട്രെയിനുകളിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയണം.

Share news