KOYILANDY DIARY.COM

The Perfect News Portal

നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. പെർമിറ്റ് മാറ്റം നടത്തിയത് ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന്. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല. ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസപ്പെട്ടു.
അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.
Share news