KOYILANDY DIARY.COM

The Perfect News Portal

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും തൃശ്ശൂർ പൂരം ഇന്ന്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം പു​രു​ഷാ​രം നി​റ​യും. നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി​യ എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന തെ​ക്കേ​ഗോ​പു​ര​വാ​തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന​തോ​ടെ പൂ​ര വി​ളം​ബ​ര​മാ​യി.ഘടകപൂരങ്ങളുടെ വരവും, വാദ്യമേളങ്ങളും, കുടമാറ്റവും വെടിക്കെട്ടുമാണ് തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണീയ ഘടകങ്ങൾ.

തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിലെ പ്രധാന പങ്കാളികൾ എങ്കിലും 8 ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ഘടക പൂരങ്ങൾ രാവിലെ മുതൽ വടക്കും നാഥന്റെ മണ്ണിലേക്ക് എത്തി തുടങ്ങും. രാവിലെ ഏഴരയ്ക്ക് കണിമംഗലം ശാസ്താവാണ് ആദ്യം എത്തുക. പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ എത്തുന്ന ശാസ്താവ് വടക്കുന്നാഥനെ വണങ്ങി മടങ്ങും. പിന്നാലെ പനമുക്കം പള്ളി, ചെമ്പുക്കാവ്, കാര മുക്ക്, ലാലൂർ, ചുരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങളും വടക്കുംനാഥനെ കാണാനെത്തും.

 

പതിനായിരക്കണക്കിന് പൂരപ്രേമികളാണ് പൂരം കാണാനായി മാത്രം നാട്ടിലെത്തിയിട്ടുള്ളത്. 11 മണിമുതൽ മഠത്തിൽ വരവ് പഞ്ചവാദ്യവും, രണ്ടരയോടെ ഇലഞ്ഞിത്തറമേളവും നടക്കും. ഇതിനിടെ പാറമേക്കാവ് പഞ്ചവാദ്യവും അരങ്ങേറും. ഇലഞ്ഞിത്തറമേളം കഴിഞ്ഞ് തെക്കോട്ടിറക്കം. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ആനകൾ അഭിമുഖമായി നിരന്നാൽ ഭൂമിയിൽ വർണ്ണവിസ്മയം തീർക്കുന്ന കുടമാറ്റം. പിന്നീട് രാത്രി വീണ്ടും ഘടക പൂരങ്ങളുടെ വരവ്. ഇരുപതിന് പുലർച്ചയാണ് തൃശൂർ പൂരം വെടിക്കെട്ട്. പകൽ പൂരത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂറോളം നീളുന്ന തൃശൂർ പൂരത്തിന് പരിസമാപ്തിയാകും.

Advertisements
Share news