ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തയാൾക്ക് മൂന്ന് ജീവപര്യന്തം

കൊച്ചി: ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തയാൾക്ക് മൂന്ന് ജീവപര്യന്തവും 25 വർഷം കഠിനതടവും. മുണ്ടംവേലി സാന്തോം കോളനി പുളിമൂട്ടിൽപ്പറമ്പിൽ ശിവനെ (60)യാണ് ജില്ലാ പോക്‌സോ കോടതി ജഡ്‌ജി കെ സോമൻ ശിക്ഷിച്ചത്. 4.6 ലക്ഷം രൂപ പിഴയും വിധിച്ചു. കഠിനതടവ് ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. ഇതിനുശേഷം ജീവപര്യന്തം തുടങ്ങും. മൂന്ന് ജീവപര്യന്തവും ജീവിതാന്ത്യംവരെയാണെന്ന് കോടതി വ്യക്തമാക്കി. ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

2018 മേയിലാണ് കേസിനാസ്‌പദമായ സംഭവം. പ്രതിക്ക് കുട്ടിയുമായി മുൻപരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്ത ഇയാൾ കുട്ടിയെ തന്റെ സ്‌കൂട്ടറിൽ കയറ്റി സാന്തോം കോളനിയിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി. തോപ്പുംപടി സിഐ എൻ എ അനൂപായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ശിവനെതിരെ ഒരു മാസംമുമ്പ് മറ്റൊരു പോക്‌സോ കേസ് പള്ളുരുത്തി സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഈ കേസിൽ നിലവിൽ ഇയാൾ ജയിലിലാണ്.

