KOYILANDY DIARY.COM

The Perfect News Portal

കൃഷിക്കൂട്ടത്തിന് യന്ത്രങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി പറേച്ചാൽ കൃഷിക്കൂട്ടത്തിന് യന്ത്രങ്ങൾ വിതരണം ചെയ്തു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സേവന മേഖലയിൽ കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ചു നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമാകുന്നതിന്റെ ഭാഗമായാണിത്. കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലെയും കർഷകർക്കും ഭൂവുടമകൾക്കും സമീപ ഭാവിയിൽ ഇവരുടെ സേവനം ലഭ്യമാകും.
കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ്.എം.എ.എം. പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത്. ടില്ലർ കാടുവെട്ടു യന്ത്രം, ടൂൾ കിറ്റ്, എന്നിവയാണ് 80% സബ്‌സിഡി നിരക്കിൽ അനുവദിച്ചത്. സർവീസ് മേഖല കൃഷിക്കൂട്ടമാണെങ്കിലും ഉല്പാദന മേഖലയിലും സജീവമാണ് പറേച്ചാൽ കൃഷിക്കൂട്ടം. ഒരേക്കർ കരനെൽകൃഷി, ചീര കൃഷി തുടങ്ങിയവ കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടു കൂടി ചെയ്തിട്ടുണ്ട്. അടുത്തതായി പച്ചക്കറി കൃഷിക്കുള്ള ഒരുക്കത്തിലാണ് അംഗങ്ങൾ.
പറേച്ചാൽ ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൻ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.വിദ്യ, കെ.പി.സുജാതൻ, സി.ഗോപാലൻ, കൃഷിക്കൂട്ടം അംഗങ്ങളായ സിന്ധു ശിവൻ, പ്രിയ, പ്രമീള, പങ്കജ, ഒ.പി ഗണേഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ബി.കെ.രജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Share news