ആന്തട്ട ഗവ.യു. പി സ്കൂളിന്റെ 110-ാം വാർഷികവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും

കൊയിലാണ്ടി: ആന്തട്ട ഗവ. യു. പി സ്കൂളിന്റെ 110-ാം വാർഷികവും വിരമിക്കുന്ന പ്രധാനധ്യാപകൻ എം. ജി ബൽരാജ്, സഹാധ്യാപിക പി. ഷീബ എന്നിവർക്കുള്ള യാത്രയയപ്പും പരിപാടിയും മാർച്ച് 5,6 തിയ്യതികളിലായി നടക്കും. അനുബന്ധ പരിപാടികളായ കൃഷി പാഠം – കാർഷിക സെമിനാർ, നാടക – നാടൻപ്പാട്ട് ക്യാമ്പ്, രക്ഷകർത്തൃ സംഗമം എന്നിവ വലിയ ജന പങ്കാളിത്തത്തോടെ നടന്നു കഴിഞ്ഞു. വിദ്യാഭ്യാസ സെമിനാർ, പൂർവ അധ്യാപക -വിദ്യാർത്ഥി സംഗമം എന്നിവ മാർച്ച് 5ന് നടക്കും.

മാർച്ച് 6ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ചലച്ചിത്ര പിന്നണി ഗാന സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എം. എൽ. എ കാനത്തിൽ ജമീല, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ജില്ലാ പഞ്ചായത്ത് അംഗം എം. പി ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും. കിഡ്സ് ഫെസ്റ്റ് മാർച്ച് 5ന് 6 മണിക്ക് ഏഷ്യാനെറ്റ് ജൂനിയർ സ്റ്റാർ സിംഗർ ആര്യൻ ഉദ്ഘാടനം ചെയ്യും.

രണ്ടു ദിവസങ്ങളിലായി 12 മണിക്കൂർ ദൈർഘ്യമുള്ള കലാപരിപാടികൾ കുട്ടികൾ അവതരിപ്പിക്കും. മാർച്ച് 5ന് രാത്രി 9 മണിക്ക് അരങ്ങാടത്ത് സാംസ്‌കാരിക കൂട്ടായ്മയുടെ ‘ പുനർജനി ‘ നാടകം അരങ്ങേറും. ആന്തട്ട ഗവ. യു. പി സ്കൂളിന്റെ നെടുംതൂൺ ആയ പ്രധാനധ്യാപകൻ ബൽരാജ് മാസ്റ്ററുടെയും സ്കൂളിലെ പ്രിയ അധ്യാപിക ഷീബ ടീച്ചറുടെയും യാത്രയയപ്പ് വളരെ വിപുലമായിട്ടാണ് ഇത്തവണ ആഘോഷിക്കുന്നത്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എ. ഹരിദാസൻ, എസ് ആർ ജി കൺവീനർ ഷിംലാൽ, സ്കൂൾ സപ്പോർട്ട് സമിതി ചെയർമാൻ എം. കെ വേലായുധൻ, പബ്ലിസിറ്റി ചെയർമാൻ പി പവിത്രൻ, പബ്ലിസിറ്റി കൺവീനർ യു. വി അനില എന്നിവർ സംസാരിച്ചു.
