KOYILANDY DIARY.COM

The Perfect News Portal

കൊല്ലം – നെല്യാടി – മേപ്പയ്യൂർ റോഡ് വികസനം നീളുന്നു. യാത്രക്കാർ ദുരിതത്തിൽ

മേപ്പയ്യൂർ: കൊല്ലം – നെല്യാടി – കീഴരിയൂർ – മേപ്പയ്യൂർ റോഡ് വികസനം അനന്തമായി നീളുന്നു. റോഡ് വികസനത്തിനായി ഒന്നാം പിണറായി സർക്കാർ രണ്ട് ഘട്ടമായി 38.9 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുത്തുകിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സം നിൽക്കുന്നത്. 9.59 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം-മേപ്പയ്യൂർ റോഡ് 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയത്. 2016-ൽ തുടങ്ങിയതാണ് റോഡ് വികസനപദ്ധതി. 2016-ൽ 10 കോടിയായിരുന്നു ആദ്യം അനുവദിച്ചത്. ഈ തുക അപര്യാപ്തമായതിനെ തുടർന്ന് കിഫ്ബി പദ്ധതിയിൽപ്പെടുത്തി 38.9 കോടി രൂപ അനുവദിക്കുകയായിരുന്നു.
നിലവിൽ കേരള റോഡ്‌സ് ഫണ്ട് ബോർഡിനാണ് റോഡ് പുനരുദ്ധാരണ ചുമതല നൽകിയിരിക്കുന്നത്. വിയ്യൂർ, കീഴരിയൂർ, കൊഴുക്കല്ലൂർ, വില്ലേജുകളിൽ 1.655 ഹെക്ടർ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുക്കണം. ഇതിനായി അതിർത്തി കല്ലിടുന്ന ജോലി ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ്റെയും, കെ. ദാസൻ എം.എൽ.എ.യുടെയും ഇടപെടലിൻ്റെ ഭാഗമായാണ് ഫണ്ട് അനുവദിക്കുന്നത് ഉക്ഷപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നത്.
ഭൂമിയേറ്റെടുക്കൽ നടപടികൾ ഊർജിതമാക്കാൻ കെ.ആർ.എഫ്.ബി. പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ഭൂമിയേറ്റെടുക്കാൻ 5.98 കോടി രൂപയാണ് വകയിരുത്തിയത് എന്നും മന്ത്രി പറഞ്ഞിരുന്നു. കൊല്ലം-മേപ്പയ്യൂർ റോഡ് മുറിച്ചുകടന്നാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നിടത്ത് അശാസ്ത്രീയമായരീതിയിലാണ് അണ്ടർപാസ് നിർമിച്ചതെന്ന് ആക്ഷേപം ഉണ്ടായിരുന്നു. നിലവിലെ റോഡിൽനിന്ന് മാറിയാണ് കൊല്ലം-നെല്യാടി റോഡിൽ അണ്ടർ പാസ് നിർമിച്ചത്. ഇതുകാരണം നാലുവീടുകൾ ഒഴിപ്പിച്ചാലേ ഇനി റോഡ് വികസനം സാധ്യമാകകയുള്ളൂ എന്നാണ് അറിയുന്നത്.
എൻ.എച്ച്.എ.ഐ. അധികൃതർ തെറ്റായ രീതിയിൽ അടിപ്പാത നിർമിച്ചതാണ് ഈ പ്രശ്നത്തിന് ഇടയാക്കിയത്. ഈ റോഡിൽ സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തിട്ടുണ്ട്. ഈ ഭാഗത്ത് റോഡിൻ്റെ പ്രവൃത്തി അനിശ്ചിതത്വത്തിലാണുള്ളത്. വ്യവസ്ഥയിൽ പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്വകാര്യകമ്പനി കേബിൾ വലിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവർക്ക് കേബിൾ വലിക്കാൻ നൽകിയ അനുമതി പിൻവലിച്ചിരിക്കുകയാണ്.
തിരുവള്ളൂർ, വേളം, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ നിന്ന് കൊയിലാണ്ടി വഴി കോഴിക്കോടേക്ക് എത്തിച്ചേരാൻ എളുപ്പവഴിയാണ് ഈ റോഡ്. ഇരു ചക്രവാഹന യാത്ര ഉൾപ്പെടെ ഈ റോഡിലൂടെയുള്ള യാത്ര വലിയ ദുഷ്കരമാണ്. റോഡ് നവീകരണം ഉടൻ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Share news