സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്ക് അനുമോദനവും പ്രതിഭാ സംഗമവും

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപൂർവ്വ നേട്ടം കൈവരിച്ച ചേലിയ കഥകളി വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയക്കുതിപ്പിൽ കോഴിക്കോടു ജില്ലക്ക് 35 പോയന്റുകൾ സമ്മാനിച്ചാണ് കഥകളി വിദ്യാലയം വിദ്യാർത്ഥികൾ നേട്ടം കൈവരിച്ചത്.

പ്രസിദ്ധ മിമിക്രി കലാകാരൻ കലാഭവൻ അഷ്കർ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹം അവതരിപ്പിച്ച മാജിക് ഡാൻസ് നവ്യാനുഭവമായി മാറി. കലോത്സവ ജേതാക്കളെ പരിശീലിപ്പിച്ച കഥകളി വിദ്യാലയം അധ്യാപകർ കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, കലാമണ്ഡലം ശിവദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ.വി. സദാനന്ദൻ, സെക്രട്ടറി പി. സന്തോഷ് കുമാർ, പ്രശോഭ്. ജി, സുധീഷ് നന്മ, ടി. നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലോത്സവ ജേതാക്കൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
