എം മുകുന്ദന്റെ കൃതികൾ സൂക്ഷ്മമായ രാഷ്ട്രീയവായനയ്ക്ക് വിധേയമാക്കണം; എം സ്വരാജ്

കൊല്ലം: എം മുകുന്ദന്റെ കൃതികൾ സൂക്ഷ്മമായ രാഷ്ട്രീയവായനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്നതും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതുമാണ് ഒരു കൃതിയുടെ രാഷ്ട്രീയസ്വഭാവത്തെ നിർണയിക്കുന്നതെന്ന് വിശ്വസിക്കുന്നവർ നമുക്ക് ഇടയിലുമുണ്ട്. എന്നാൽ, വളരെ സ്വാഭാവികമായി സാഹിത്യസൃഷ്ടി പുരോഗമിക്കുകയും അതിലെ ഓരോ വാചകത്തിലും ഓരോ വാക്കിലും അക്ഷരങ്ങൾക്കും കുത്തുകൾക്കും കോമകൾക്കും പോലും വലിയ രാഷ്ട്രീയദൗത്യങ്ങൾ നിർവഹിക്കാനുണ്ടെന്ന് ഓരോ തവണ വായിക്കുമ്പോഴും വായനക്കാരനെ ബോധ്യപ്പെടുത്തുകയും ചെയ്യും, ഈയൊരു രചനാശൈലിയാണ് എം മുകുന്ദന്റേത്.

സാഹോദര്യവും മാനവികതയെയും ഉയർത്തിപ്പിടിക്കാൻ എല്ലാ കൃതികളിലും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരം എം മുകുന്ദന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു എം സ്വരാജ്. “നിങ്ങൾ’ എന്ന നോവലിനാണ് പുരസ്‌കാരം. “വംശീയതയും വർഗീയതയും നിങ്ങളുടെ ഉള്ളിലേക്ക് നുഴഞ്ഞുകയറാൻ സദാ ശ്രമിച്ചുകൊണ്ടേയിരിക്കും. നിങ്ങൾ വഴങ്ങിയിട്ടില്ല. ഇപ്പോഴും അവസരം കാത്ത് അത് നിങ്ങളുടെ തൊലിപ്പുറത്തുണ്ട്’ നോവലിലെ ഈ ശകലം വർത്തമാനകാല ഇന്ത്യ ഓരോ പൗരനും നൽകുന്ന മുന്നറിയിപ്പുകൂടിയാണെന്നും സ്വരാജ് പറഞ്ഞു. കളയ്ക്കാട് അനുസ്മരണ സമ്മേളനവും സ്വരാജ് ഉദ്ഘാടനംചെയ്തു.

കാവനാട് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. വി എൻ മുരളി അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ ജി ബിജു, ട്രസ്റ്റ് സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ചവറ കെ എസ് പിള്ള, ഡോ. സീമ ജെറോം, എ ഗോകുലേന്ദ്രൻ, എസ് ജയൻ, ബീന സജീവ്, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കെ രാജഗോപാലപിള്ള, വി രാജ്കുമാർ, ഫിലിപ്പ് എം ഏലിയാസ്, കൺവീനർ എസ് ഹരിലാൽ എന്നിവർ സംസാരിച്ചു.

