ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി ഘാതകനെ വാഴ്‌ത്തി കലിക്കറ്റ് എൻഐടി അധ്യാപിക

കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി ഘാതകനെ വാഴ്‌ത്തി കലിക്കറ്റ് എൻഐടി അധ്യാപിക. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. എ ഷൈജയാണ് ‘ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സേയിൽ അഭിമാനിക്കുന്നു’ എന്ന് ഫെയ്‌സ്‌ബുക്കിൽ കമന്റിട്ടത്. സർക്കാർ സ്ഥാപനത്തിലിരുന്ന് രാഷ്‌ട്രപിതാവിന്റെ കൊലയാളിയെ പ്രകീർത്തിച്ച അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. പൂർവ വിദ്യാർത്ഥികൾ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.

‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന കുറിപ്പുമായി അഡ്വ. കൃഷ്‌ണരാജ് എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് അധ്യാപികയുടെ കമന്റ്. ആഭ്യന്തര പരാതി കമ്മിറ്റിയുടെ അധ്യക്ഷയായ പ്രൊഫസർ ഷൈജ ആണ്ടവൻ എന്ന തന്റെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് കമന്റിട്ടത്.

അയോധ്യ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ക്യാമ്പസിലെ സംഘപരിവാർ അനുകൂലികളായ വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടം വികലമാക്കിയതും ഇതിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിയെ മർദിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിനിടെയായിരുന്നു അധ്യാപികയുടെ പ്രതികരണം. സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കകം മർദനമേറ്റ വിദ്യാർത്ഥി വൈശാഖിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു എൻഐടി അധികൃതർ. നൂറുകണക്കിന് വിദ്യാർത്ഥികൾ കവാടങ്ങൾ ഉൾപ്പെടെ ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് സസ്‌പൻഷൻ മരവിപ്പിച്ചത്.

കേന്ദ്ര സർക്കാറിന്റെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രൊഫസർ ദേശവിരുദ്ധമായ ഉള്ളടക്കമുള്ളതും വിദ്വേഷം പടർത്തുന്നതുമായ പ്രതികരണം നടത്തുന്നത് തെറ്റല്ലേ എന്ന് ചോദിക്കുകയാണ് വിദ്യാർത്ഥികൾ. രാജ്യത്തിന്റെ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന പ്രതികരണത്തിനെതിരെ നടപടിയെടുക്കണമെന്നും കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പറഞ്ഞു.

