KOYILANDY DIARY.COM

The Perfect News Portal

അതിവിദഗ്ധ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും തട്ടിയത് ഒന്നരക്കോടിയോളം

മൂവാറ്റുപുഴ: അതിവിദഗ്ധ തട്ടിപ്പ്. ജീവനക്കാരിയും ഡോക്ടറായ മകളും തട്ടിയത് ഒന്നരക്കോടിയോളം. മൂവാറ്റുപുഴയില്‍ ആയുര്‍വേദ ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ നിന്ന് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായത് കമ്പനിയിലെ ജീവനക്കാരിയായ രാജശ്രീയും മകളായ ഡോ. ലക്ഷ്മി നായരുമാണ്. ‘ദ്രോണി ആയുര്‍വേദ’ എന്ന കമ്പനിയിൽ നിന്ന് പണം തട്ടിയ കേസിലാണ് ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് പലതവണകളായി രാജശ്രീ സ്വന്തം അക്കൗണ്ടുകളിലേക്കും മകളുടെ അക്കൗണ്ടിലേക്കുമാണ് പണം മാറ്റിയത്. കടയിലെ ബിസിനസ് വര്‍ധിച്ചിട്ടും അക്കൗണ്ടില്‍ നിന്ന് പണം കുറയുന്നത് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ രാജശ്രീയുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇതുസംബന്ധിച്ച കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിച്ചശേഷം പൊലീസിന് പരാതി നല്‍കുകയായിരുന്നു.

 

കേസിൽ അറസ്റ്റിലായ രാജശ്രീ മൂന്നുവര്‍ഷം മുന്‍പാണ് സ്ഥാപനത്തില്‍ ജോലിയിൽ പ്രവേശിച്ചത്. രാജശ്രീ ജോലി ചെയ്തിരുന്നത് കമ്പനിയുടെ അക്കൗണ്ട്‌സ്, ടെലിമാര്‍ക്കറ്റിങ് എന്നീ വിഭാഗത്തിലായിരുന്നു. രാജശ്രീ ഓഫീസില്‍ നേരത്തെ വന്ന് വൈകി മാത്രം ജോലി കഴിഞ്ഞ് പോകുന്നയാളായിരുന്നു. അത്തരത്തില്‍ പ്രതി വിശ്വാസ്യത നേടിയെടുത്തു. പക്ഷേ, മൂന്നുവര്‍ഷത്തിനിടെ പലതവണകളായാണ് ഇവര്‍ പണം തട്ടിയെടുത്തതെന്നും പരാതിക്കാരൻ പറഞ്ഞു.

Advertisements

 

പരാതിക്കാരൻ പറയുന്നത് കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് പുറമേ കമ്പനിയുടെ ഉപഭോക്താക്കളില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയും രാജശ്രീ തട്ടിപ്പ് നടത്തിയെന്നാണ്. കമ്പനിയുടെ പുതിയ ഉപഭോക്താക്കളില്‍നിന്നാണ് ഇത്തരത്തില്‍ പണം തട്ടിയത്. കമ്പനിയുടെ അക്കൗണ്ടെന്ന് പറഞ്ഞ് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. മാത്രമല്ല, കമ്പനിയില്‍നിന്ന് ചില ആയുര്‍വേദ ഉപകരണങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതായും പരാതിയുണ്ട്.

 

കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നായിരുന്നു മൂവാറ്റുപുഴ എസ്.എച്ച്.ഒ.യുടെ പ്രതികരണം. കേസില്‍ നിലവില്‍ രണ്ട് പ്രതികളാണുള്ളത്. ഇവര്‍ റിമാന്‍ഡിലാണ്. ഇരുവരെയും ഇനി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും എസ്.എച്ച്.ഒ വ്യക്തമാക്കി.

Share news