കൊയിലാണ്ടി നഗരസഭയ്ക്ക് ODF പ്ലസ് പദവി ലഭിച്ചു

കൊയിലാണ്ടി നഗരസഭയ്ക്ക് ODF പ്ലസ് (സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത +) പദവി ലഭിച്ചു. ജനങ്ങളുടെ ശുചിത്വ ശീലങ്ങളിൽ മാറ്റം വരുത്തി നഗരങ്ങളെ കൂടുതൽ ശുചിത്വ സുന്ദരവും മാലിന്യരഹിതവുമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ സ്വച്ച് ഭാരത് മിഷൻ (അർബൺ 2.0) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നഗരങ്ങളിലെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിലാണ് കൊയിലാണ്ടി നഗരസഭയ്ക്ക് ODF പ്ലസ് പദവി ലഭിച്ചത്.

പൊതുജനങ്ങളിൽ നേരിട്ടും ഫീൽഡ് വെരിഫിക്കേഷൻ നടത്തിയും ആണ് ചുമതലപ്പെടുത്തിയ ഏജൻസി സർവ്വേ നടത്തി റാങ്ക് നിശ്ചയിച്ചിട്ടുള്ളത്. ODF പദവി നഗരസഭ നേരത്തെ നേടിയിരുന്നു. കോഴിക്കോട് ജില്ലയിൽ ODF പ്ലസ് പദവി ലഭിക്കുന്ന ഏക നഗരസഭയാണ് കൊയിലാണ്ടി.

ആവശ്യാനുസരണം കൃത്യമായ പരിപാലന സംവിധാനമുള്ള പൊതു ശൗചാലയം, വിദ്യാലയങ്ങള്‍, അംഗന്‍ വാടികള്‍, സർക്കാർ ഓഫീസുകൾ, വീടുകൾ എന്നിവടങ്ങളില്‍ ശുചി മുറികള്‍ പൊതു ഇടങ്ങളില്‍ മലിന ജലം കെട്ടി നില്‍ക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനം, വീടുകള്‍, വിദ്യാലയങ്ങള്‍, അംഗന്‍ വാടികള്‍, സർക്കാർ ഓഫീസുകൾ എന്നിവടങ്ങളില്‍ മാലിന്യ സംസ്‌ക്കരണ സംവിധാനം, കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം, ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം, അജൈവ മാലിന്യ ശേഖരണ, സംസ്‌ക്കരണ സംവിധാനം, ഹരിത കര്‍മ്മ സേന സേവനം, ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ എന്നിവയാണ് ODF + പദവി നേടാനുള്ള മാനദണ്ഡങ്ങൾ.

ചിട്ടയായ പ്രവർത്തനത്തിലൂടെ ശുചിത്വ – മാലിന്യ സംസ്കരണ ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തിച്ചതിന്റെ ഫലമായാണ് ODF പ്ലസ് പദവി ലഭിക്കാൻ കാരണമായതെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.
