പടയപ്പയെ വാഹനമുപയോഗിച്ച് പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവറിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു
മൂന്നാർ: പടയപ്പയെന്ന കാട്ടുകൊമ്പനെ വാഹനമുപയോഗിച്ച് പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവറിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. കണ്ണൻ ദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഡിവിഷൻ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ജനവാസമേഖലയിൽ കഴിയുന്ന പടയപ്പയ്‌ക്ക് ആവശ്യമായ ആഹാരവും ആവാസവ്യവസ്ഥയും ഒരുക്കാൻ വനപാലകർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ചൊക്കനാട് എസ്റ്റേറ്റിൽ പാർവ്വതിയമ്മൻ ക്ഷേത്ര ഉത്സവത്തിനായി അലങ്കരിച്ച വാഴകൾ പടയപ്പയെന്ന കാട്ടുകൊമ്പൻ ഭക്ഷിക്കുകയായിരുന്നു. ഈ സമയം യാത്രക്കാരുമായിവന്ന ജീപ്പ് കൊണ്ട് പടയപ്പയെ ഇടിപ്പിക്കാൻ ശ്രമിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജീപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഒളിവിലാണ്. വാഹനം പിന്നീട് ദേവികുളം വനംറേഞ്ച് ഓഫീസർക്ക് കൈമാറി. ആഹാരത്തിനായി ആന വീടുകളും കടകളും തകർത്തിട്ടും വനപാലകർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുയരുകയാണ്.

