KOYILANDY DIARY.COM

The Perfect News Portal

കെപിപിഎൽ പത്രസ്ഥാപനങ്ങൾക്കുള്ള ന്യൂസ്‌പ്രിന്റ്‌ വിതരണം പുനരാരംഭിച്ചു

കോട്ടയം: വെള്ളൂർ കെപിപിഎൽ പത്രസ്ഥാപനങ്ങൾക്കുള്ള ന്യൂസ്‌പ്രിന്റ്‌ വിതരണം പുനരാരംഭിച്ചു. തീപിടിത്തത്തിൽ നശിച്ച പേപ്പർ മെഷീൻ നന്നാക്കി ന്യുസപ്രിന്റ്‌ ഉൽപാദനം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ വിതരണവും ആരംഭിക്കാനായി. രാജ്യത്ത്‌ 28 പത്രങ്ങൾക്കാണ്‌ കെപിപിഎൽ ന്യൂസ്‌പ്രിന്റ്‌ നൽകുന്നത്‌.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കി ഉൽപാദനം തുടങ്ങാനായത്‌ ശ്രദ്ധേയമാണെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കമുള്ള മുഴുവൻ ജീവനക്കാരും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിലൂടെയാണ് ന്യൂസ്‌ പ്രിന്റ് ഉൽപാദനം പുനരാരംഭിച്ചത്. തീപിടിത്തം മൂലമുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കിലെടുക്കുമ്പോൾ പുനരാരംഭിക്കാൻ വിദഗ്ധർ കണക്കാക്കിയ കാലയളവിന്റെ പാതി സമയത്തിനുള്ളിലാണ് ഇതിന് സാധിച്ചത്‌.

 

കണക്കാക്കിയ ചെലവിന്റെയും പകുതി മാത്രമാണ് വേണ്ടിവന്നത്‌. അപ്രതീക്ഷിതമായുണ്ടായ തീപിടിത്തം സ്ഥാപനത്തിന്റെ ഭാവി പദ്ധതികളെ ബാധിക്കാതെ കൈകാര്യം ചെയ്യാനായത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ അഞ്ചിന്‌ പേപ്പർ മെഷീൻ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന്‌ പൂർണമായും നിലച്ച ന്യൂസ്‌പ്രിന്റ്‌ ഉൽപാദനം നവംബർ 28നാണ്‌ പുനരാരംഭിച്ചത്.

Advertisements
Share news