KOYILANDY DIARY.COM

The Perfect News Portal

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കൊല്ലം: കൊല്ലം ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പൊലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇവരുടെ കടയിൽ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാൾ എത്തിയത്. കാക്കിപാന്റും ഷർട്ടും ധരിച്ച ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് കടയിലെത്തിയത്. ഇയാൾക്കൊപ്പമുള്ള സ്ത്രീയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. 

പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ റെജി ജോണിന്റെയും സിജി ജോണിന്റെയും മകൾ അബിഗേൽ സാറ റെജിയെ (ആറ്‌)യാണ് തിങ്കൾ വൈകിട്ട്‌ തട്ടിക്കൊണ്ടുപോയത്. 4.45ന്‌ ഓയൂർ കാറ്റാടിമുക്കിൽ വെച്ചായിരുന്നു സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ സെന്ററിലേക്ക്‌ പോകവെ വീടിനു 50 മീറ്റർ അകലെ വെള്ള നിറത്തിലുള്ള സ്വിഫ്‌റ്റ്‌ ഡിസയർ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്‌.

ഒരു പേപ്പർ അമ്മയ്‌ക്കു നൽകണമെന്നു പറഞ്ഞ്‌ തന്നെന്നും വാങ്ങാതിരുന്നപ്പോൾ കമ്പുകൊണ്ട്‌ അടിച്ചെന്നും സാറയെ ബലമായി വലിച്ചിഴച്ച്‌ കാറിൽ കയറ്റിക്കൊണ്ടുപോയതായും സഹോദരൻ ജൊനാഥൻ പറഞ്ഞു. രാത്രി 7.45ഓടെയാണ് വീട്ടിലേക്ക് മോചന​ദ്രവ്യം ആവശ്യപ്പെട്ട് ആദ്യ വിളിയെത്തിയത്. ശേഷം രാത്രി വൈകി രണ്ടാമതും ഫോൺ കോളെത്തിയതായി ബന്ധുക്കൾ പറഞ്ഞു.  പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Advertisements
Share news