KOYILANDY DIARY.COM

The Perfect News Portal

എതിരഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ എഴുത്തുകാരും ബുദ്ധിജീവികളും കൊല്ലപ്പെടുന്നു; എം ടി വാസുദേവൻ നായർ

തൃശൂർ: എതിരഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ എഴുത്തുകാരും ബുദ്ധിജീവികളും വർത്തമാനകാല ഇന്ത്യയിൽ കൊല്ലപ്പെടുകയാണെന്ന്‌ എം ടി വാസുദേവൻ നായർ. അസഹിഷ്ണുത വളർന്നു കൊണ്ടിരിക്കുകയാണ്‌. പെരുമാൾ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരന്‌ സാമൂഹ്യ സമ്മർദങ്ങളുടെ പേരിൽ എഴുത്തിൽനിന്ന് പിന്മാറേണ്ടി വന്നത്‌ ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണെന്നതിന്റെ തെളിവാണ്‌. തെക്കേമഠം ശങ്കരപത്മം പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിർപ്പിന്റെ ശബ്ദങ്ങളെ ഭരണകേന്ദ്രത്തിന്റെ ശക്തിയിൽ ഇല്ലായ്മ ചെയ്യുന്നത് നാസി കാലഘട്ടത്തെയാണ് ഓർമ്മിപ്പിക്കുന്നത്‌. മതം എന്നാൽ അഭിപ്രായം എന്നാണർത്ഥം. ഒരു മതവും ആരെയും കൊല്ലാൻ പറഞ്ഞിട്ടില്ല. ഒരു മതപണ്ഡിതനും പ്രവാചകനും അക്രമവും കൊലയും ആവശ്യപ്പെടുന്നില്ല. അവരൊക്കെ സ്നേഹവും സൗഹാർദവുമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

 

തെക്കേമഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി എം ടിക്ക്‌ പുരസ്‌കാരം സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി പി എം വാര്യർ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അധ്യക്ഷനായി. വടക്കുമ്പാട്ട്‌ നാരായണൻ, ഡോ. എൻ പി വിജയകൃഷ്‌ണൻ, പൂർണിമ സുരേഷ്‌, ഡോ. കെ മുരളീധരൻ, കുന്നം വിജയൻ എന്നിവർ സംസാരിച്ചു.

Advertisements
Share news