തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ എ വി) യാഥാർത്ഥ്യമായതിൻ്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക്
കൊച്ചി: തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ എ വി) യാഥാർത്ഥ്യമായതിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ഇന്റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് റിസര്‍ച്ച് (ഐ എന്‍ സി ടി ആര്‍) അമേരിക്കൻ ചാപ്റ്റർ തലവനായ ഡോ. എം വി പിള്ള. ദ നൂയ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ഭരണമികവിനെയും ഇച്ഛാശക്തിയെയും കുറിച്ച് ഡോ. എം വി പിള്ള സംസാരിച്ചത്.

“ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളിയുടെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കണം. നിപ വൈറസ് രോഗബാധയ്ക്ക് മുമ്പ് തന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. മനുഷ്യ രാശിയുടെ അന്ത്യം വൈറസ് മൂലമായിരിക്കുമെന്ന് എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ഗോലോ പ്രവചിച്ചതുപോലെ എബോള, നിപ്പ, കോവിഡ് എന്നിവയെല്ലാം പിന്നീട് അത് ശരിയെന്ന് തെളിയിച്ചു. ഈ വെല്ലുവിളിയെ നേരിടാന്‍ ലോകമെമ്പാടും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകള്‍ വിഭാവനം ചെയ്തു. ഈ വിവരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നെങ്കിലും രണ്ട് ഉദ്യോഗസ്ഥര്‍ പദ്ധതി അട്ടിമറിച്ചു. ഉമ്മന്‍ചാണ്ടി നല്ല മനുഷ്യനായിരുന്നെങ്കിലും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനില്ലായിരുന്നു.

വിവിധ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. അപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണ്‍ വന്നത്. പഴയ പ്രോജക്റ്റിനെ കുറിച്ച് ചോദിച്ചു. പദ്ധതി നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. മുമ്പുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഇൻസ്റ്റിറ്റ്യൂട്ട് വരുമെന്ന് പിണറായി വാക്ക് നല്‍കി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കണ്ടപ്പോള്‍ സന്തോഷമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഇൻസ്റ്റിറ്റ്യൂട്ടിനുള്ള സ്ഥലം കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. ഭാവിയിലെ വളര്‍ച്ചയ്ക്കായി അഞ്ചേക്കര്‍ സ്ഥലം കൂടി അദ്ദേഹം ഉറപ്പാക്കി. അടുത്ത ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചു”- ഡോ എം വി പിള്ള പറഞ്ഞു.

ഇന്നായിരുന്നു ഡോക്ടറായി സേവനം ആരംഭിക്കുന്നതെങ്കില്‍ വിദേശത്തേക്ക് പോവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്വകാര്യ മേഖലയില്‍ ഇപ്പോള്‍ ധാരാളം അവസരങ്ങളുണ്ട്. ഇപ്പോള്‍ വിദേശത്ത് പഠിക്കുന്നവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ട്രെന്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള നിരവധി ആളുകള്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു.

ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനെ പോലെയുള്ളവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ സഹായിച്ചും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നേരത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇത്തരം ജോലികള്‍ അനുവദിച്ചിരുന്നില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ പുതിയ ആശയങ്ങള്‍ തുറന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ മിടുക്കനാണ്. അധികം സംസാരിക്കില്ല. പക്ഷേ ആശയങ്ങള്‍ ഗ്രഹിക്കുന്നതിലും അവ നടപ്പാക്കുന്നതിലും മിടുക്കനാണെന്നും അദ്ദേഹം പറഞ്ഞു.
