അതിഥിതൊഴിലാളിയുടെ കുഞ്ഞിനെ പാലൂട്ടി വനിത പൊലീസ്
കൊച്ചി: അതിഥിതൊഴിലാളിയുടെ കുഞ്ഞിനെ പാലൂട്ടി വനിത പൊലീസ്. സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ മയക്കത്തിലായിരുന്നു നാലുമാസം പ്രായമുള്ള കുരുന്ന്. ഉറക്കമുണർന്നപ്പോൾ നേർത്ത ശബ്ദത്തിൽ കരഞ്ഞു. ആ കരച്ചിലിൽ സിപിഒ ആര്യയുടെ മനസ്സിൽ തെളിഞ്ഞത് സ്വന്തം മകളുടെ മുഖം. ആര്യ സഹപ്രവർത്തകരുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി മാറോടുചേർത്തു മുലയൂട്ടാൻ തുടങ്ങി. കുഞ്ഞ് കരച്ചിൽ നിർത്തി, പാലുകുടിക്കുന്നതിനിടെ ചിരിച്ചു. ആര്യയുടെ മനസ്സ് നിറഞ്ഞു.

എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷനിലാണ് മാതൃസ്‌നേഹത്തിന്റെ ഹൃദയംതൊട്ട കാഴ്ച. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിലുള്ള അതിഥിത്തൊഴിലാളി സ്‌ത്രീയുടെ മക്കളെ ഏറ്റെടുക്കാനാവശ്യപ്പെട്ട് കൺട്രോൾ റൂമിൽനിന്ന് കോൾ വന്നു. എസ്‌എച്ച്‌ഒ ആനി ശിവയുടെ നിർദേശപ്രകാരം പൊലീസുകാർ ആശുപത്രിയിലെത്തി.

അവിടെ കണ്ട നാല് കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിക്ക് പ്രായം നാലുമാസം. മറ്റുകുട്ടികൾക്ക് യഥാക്രമം 13, അഞ്ച്, മൂന്ന് വയസ്സ്. പൊലീസുകാർ കുട്ടികളുമായി സ്‌റ്റേഷനിലെത്തി. മറ്റു കുട്ടികൾക്ക് പൊലീസുകാർ ഭക്ഷണം വാങ്ങി നൽകി.‘എനിക്ക് രണ്ട് കുട്ടികളാണ്. ഇളയ കുട്ടിക്ക് ഒമ്പത് മാസമാണ് പ്രായം. സ്‌റ്റേഷനിൽ പെൺകുഞ്ഞിനെ കണ്ടപ്പോൾ ഓർമവന്നത് മകളെയാണ്.

പാൽ കൊടുക്കാൻ തുടങ്ങിയപ്പോൾ മടിയില്ലാതെ കുടിച്ചു. നല്ല വിശപ്പുണ്ടായിരുന്നിരിക്കണം. പോകാൻ നേരത്തും എന്നെ നോക്കി ചിരിച്ചു. ഇനിയും അവളെ കാണണം. കുറച്ചുനിമിഷം അവളെനിക്ക് സ്വന്തം മകളായി’–-ആര്യയുടെ മനസ്സിലും വാക്കുകളിലും സ്‌നേഹം തുളുമ്പി. വൈക്കം സ്വദേശിയാണ് എം എ ആര്യ. 2017ലാണ് പൊലീസ് സേനയിലെത്തിയത്.

എഎസ്ഐമാരായ ബേബി, ഷിനി, എസ്‌സിപിഒ സീജാമോൾ എന്നിവർ ചേർന്ന് കുട്ടികളെ ശിശുഭവനിലേക്ക് മാറ്റി. ഇവരുടെ അമ്മ അജനയുടെ ഹൃദയവാൽവ് നേരത്തേ മാറ്റിവച്ചിരുന്നു. മാറ്റിവച്ച വാൽവിൽ രക്തം കട്ടപിടിച്ചതിനെതുടർന്നാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സ പുരോഗമിക്കുന്നു. പട്‌ന സ്വദേശിയായ ഇവർ നിലവിൽ പൊന്നാരിമംഗലത്താണ് താമസം.
