കരിപ്പൂരിൽ നാല് യാത്രക്കാരിൽനിന്ന് രണ്ട് കോടിയുടെ സ്വർണം പിടിച്ചു
കരിപ്പൂർ: കരിപ്പൂരിൽ നാല് യാത്രക്കാരിൽനിന്ന് രണ്ട് കോടിയുടെ സ്വർണം പിടിച്ചു. അബുദാബിയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി നിസാമുദ്ദീൻ (32), ബാലുശേരി സ്വദേശി അബൂസഫീൽ, കലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശി സജ്ജാദ് കാമിൽ, എടക്കര സ്വദേശി പ്രജിൻ (23) എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.
നിസാമുദ്ദീൻ സ്വർണം പൊടിരൂപത്തിലാക്കി ചീർപ്പ്, ക്രീമുകൾ എന്നിവയ്ക്കകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ബാഗേജിലെ പെർഫ്യൂംബോട്ടിലിനകത്ത് ഒളിപ്പിച്ചനിലയിലും സ്വർണം കണ്ടെത്തി. 853 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽനിന്ന് എത്തിയ ബാലുശേരി സ്വദേശി അബൂസഫീലിൽനിന്ന് 1097 ഗ്രാം സ്വർണമാണ് പിടിച്ചത്.

ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽനിന്ന് എത്തിയ സജ്ജാദ് കാമിലിൽനിന്ന് 789 ഗ്രാം സ്വർണവും റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ പ്രജിനിൽനിന്നും 1275 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്.

