ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് ലതയ്ക്കും, സുന്ദരിക്കുമായി പോലീസ് തെരച്ചിൽ ശക്തമാക്കി
കൊയിലാണ്ടി: ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് ലതയ്ക്കും, സുന്ദരിക്കുമായി പോലീസ് പഴുതടച്ച് രംഗത്ത്. വയനാട് ചപ്പാരം കോളനിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ടുപോയ മാവോയിസ്റ്റുകളാണ് ലതയും, സുന്ദരിയും. ഇവർക്കായി പോലീസ് കർശന പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇവർ തലശ്ശേരിയിൽ എത്തിയതായി സൂചനലഭിച്ചതിനെ തുടർന്ന് ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇവർ കോഴിക്കോട്ടേക്ക് എത്തിയെന്ന സൂചന ലഭിച്ചതിനാൽ തലശ്ശേരി, മാഹി, ചോമ്പാല വടകര, പയ്യോളി, എലത്തൂർ, കോഴിക്കോട്, സിറ്റി എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി, മൊഫ്യൂഷ്യൽ ബസ് സ്റ്റാൻ്റ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലും തിരച്ചിൽ ശക്തമാക്കി. എന്നാൽ പിന്നീട് കോഴിക്കോടു നിന്നും തിരിച്ചതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഇവർക്കായി വല വിരിച്ചു. റെയിൽവെ സ്റ്റേഷൻ, മൊഫ്യൂഷ്യൽബസ് സ്റ്റാൻ്റ്, കെസ്.ആർ.ടി.സി, എന്നിവിടങ്ങൾ അരിച്ചുപെറുക്കി കർശനമായ നിരീക്ഷണം നടത്തി വരുന്നു.
വരും ദിവസങ്ങളിലും കർശനമായ നിരീക്ഷണം തുടരും, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലും നിരീക്ഷണം ശക്തമാക്കി, കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ വനാന്തരങ്ങളിലും തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ചപ്പാരം കോളനിയിൽ അനീഷിൻ്റെ വീട്ടിൽ മൊബൈൽ ഫോണുകളും, ലാപ്ടോപ്പും ചാർജ് ചെയ്യാനെത്തിയപ്പോയാണ് തണ്ടർബോൾട്ട് വീട് വളയുകയും, ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തത്. ഇതിനിടയിലാണ് സുന്ദരിയും, ലതയും, രക്ഷപ്പെട്ടത്. ഇവരെ പിടികൂടേണ്ടത് തണ്ടർബോൾട്ടിൻ്റെയും, പോലീസിൻ്റെയും ആവശ്യമായി മാറിയിരിക്കുകയാണ്.
